
ദില്ലി: മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോൺഗ്രസിന് ക്ഷണമില്ലെന്ന് ജയ്റാം രമേശ്. വൈകീട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ലോക നേതാക്കൾക്ക് വരെ ക്ഷണമുള്ള ചടങ്ങിലാണ് കോൺഗ്രസ് നേതാക്കളെ ക്ഷണിക്കാതിരുന്നത്. രാഷ്ട്രീയവും ധാർമികവുമായും തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്ന് പ്രതികരിച്ചുകൊണ്ട് ജയ്റാം രമേശാണ് വിമര്‍ശനം ഉന്നയിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂർ, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് വ്യക്തമാക്കി. സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം മുപ്പതോളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam