
ദില്ലി: നരേന്ദ്രമോദിയുടെ എഴുപത്തി മൂന്നാം ജന്മദിനം രാജ്യ വ്യാപക ആഘോഷമാക്കി ബിജെപി. രണ്ടാഴ്ച നീളുന്ന സേവന പക്ഷാചരണമാണ് സംഘടിപ്പിക്കുന്നത്. ജന്മദിനത്തിൽ ദില്ലിയിൽ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത മോദി ജനങ്ങൾക്കൊപ്പം മെട്രോയാത്രയും നടത്തി. ദ്വാരക സെക്ടർ 21 മുതൽ 25 വരെ ദില്ലി മെട്രോ നീട്ടിയത് മോദി ഉദ്ഘാടനം ചെയ്തു. യശോഭൂമിയെന്ന് പേരിട്ട പുതിയ ഇന്ത്യ ഇൻർനാഷണൽ കൺവെൻഷൻ സെന്ററും രാജ്യത്തിനായി തുറന്നുകൊടുത്തു. വിശ്വകർമജയന്തി ദിനത്തിൽ വിവിധ തൊഴിൽ മേഖലയിലുള്ളവരുമായി സംവദിച്ചു. 13000 കോടി രൂപയുടെ വിശ്വകർമ പദ്ദതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പുതുതായി തുടങ്ങിയ ആയുഷ്മാൻ ഭവ പദ്ദതിയുടെ ഭാഗമായുള്ള രണ്ടാഴ്ച നീളുന്ന സേവന ആചരണത്തിനാണ് ബിജെപി തുടക്കമിട്ടത്. ഒക്ടോബർ രണ്ടുവരെയാണ് സേവന പക്ഷാചരണം സംഘടിപ്പിക്കുന്നത്.. പദ്ധതിയുടെ ഭാഗമായി ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും മോദിയുടെ ജീവിതത്തെ കുറിച്ചുള്ള പ്രദർശനം പൊതുസ്ഥലങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. നവഭാരത ശിൽപിയാണ് നരേന്ദ്രമോദിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും മോദിക്ക് ജൻമദിനാശംസകൾ നേർന്നു. അതേസമയം പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചത് മോദിയുടെ ജന്മദിന വാരാചരണത്തിന്‍റെ ഭാഗമായാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam