
തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. എം.വി. രാഘവൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ തെരുവ് ഗുണ്ടയെപ്പോലെ പെരുമാറുന്ന സർക്കാരാണ് മോദിയുടേതെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ സുപ്രീം കോടതി നൽകിയ നിർദ്ദേശം വലിച്ചുകീറി കളഞ്ഞ സർക്കാരാണ് നരേന്ദ്ര മോദിയുടേത്. ഇത്തരം വിഷയങ്ങളിൽ അതിതീക്ഷ്ണമായ സമരം ഉയർന്നു വരണമെന്നും ഭരണം എവിടെയൊക്കെ ഉണ്ട് ഇല്ല എന്നതൊന്നും ഒരു വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോൽവി സംഭവിക്കുമ്പോൾ ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും മറിച്ച് 'ഞാൻ എന്ത് ചെയ്തു' എന്നാണ് ആലോചിക്കേണ്ടതെന്നും എം.എ. ബേബി പറഞ്ഞു. അക്കാര്യത്തിൽ എം.വി. രാഘവൻ ഒരു മികച്ച മാതൃകയാണ്. സംഘടനയെ എങ്ങനെ ചലിപ്പിക്കണം എന്നതിൽ അസാധാരണമായ ജ്ഞാനമാണ് എം.വി. രാഘവന് ഉണ്ടായിരുന്നത്.
എം.വി. രാഘവനെ കുറ്റം പറഞ്ഞു നടന്ന എം.എ. ബേബിക്ക് അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് നൽകുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നതിനോടും അദ്ദേഹം പ്രതികരിച്ചു. അത്തരം വിമർശനങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്ന് എം.എ. ബേബി വ്യക്തമാക്കി. സംഘടനാപരമായ രീതി അനുസരിച്ച് പാർട്ടിക്ക് നടപടികൾ എടുക്കേണ്ടി വന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളെ സർക്കാരുമായി സഹകരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ എം.വി. രാഘവൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam