'മോദി സര്‍ക്കാറിന് കിടപ്പറ സംഭാഷണങ്ങള്‍ വരെ കേള്‍ക്കാം'; പെഗാസസ് വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

By Web TeamFirst Published Jul 19, 2021, 8:27 PM IST
Highlights

ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ആളുകളുടെ കിടപ്പറ സംഭാഷണങ്ങള്‍ വരെ മോദി സര്‍ക്കാറിന് കേള്‍ക്കാമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പെഗാസസിനെ ഉപയോഗിച്ച് ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാറാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
 

ദില്ലി: ഇസ്രായേല്‍ നിര്‍മ്മിത സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടേതടക്കമുള്ള ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്. ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ആളുകളുടെ കിടപ്പറ സംഭാഷണങ്ങള്‍ വരെ മോദി സര്‍ക്കാറിന് കേള്‍ക്കാമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പെഗാസസിനെ ഉപയോഗിച്ച് ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാറാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാജ്യദ്രോഹമാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. ദേശീയ സുരക്ഷയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറി. രാജ്യത്തെ ഡാറ്റകളിലേക്ക് വിദേശ കമ്പനിക്ക് പ്രവേശനം നല്‍കി. ഭാര്യമാരുടെയും മക്കളുടെയും ഫോണുകളില്‍ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കാമെന്ന് കോണ്‍ഗ്രസ് വക്താവ് മുന്നറിയിപ്പ് നല്‍കി. നമ്മള്‍ കുളിമുറിയിലോ, കിടപ്പുമുറിയിലോ എവിടെയാണെങ്കിലും നമ്മുടെ സംഭാഷണം ചോര്‍ത്തപ്പെടാം. നമ്മുടെ ഭാര്യയോടും കുട്ടികളോടും നമ്മള്‍ സംസാരിക്കുന്നതും അവര്‍ക്ക് കേള്‍ക്കാം. മോദി സര്‍ക്കാറിന് ഇപ്പോള്‍ ഒളിഞ്ഞുനോക്കാനും സാധിക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ 300ഓളം പ്രമുഖ വ്യക്തികളുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമ കണ്‍സോര്‍ഷ്യം പുറത്തുവിട്ടത്. രണ്ട് കേന്ദ്രമന്ത്രിമാര്‍, 40 മാധ്യമപ്രവര്‍ത്തകര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി എന്നിവരുടേതടക്കമുള്ള ഫോണ്‍ കോളുകളാണ് ചോര്‍ത്തിയതെന്നും വാര്‍ത്ത പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. എന്നാല്‍ ആരോപണങ്ങള്‍ തള്ളി സര്‍ക്കാര്‍ രംഗത്തെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!