
ദില്ലി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ വിദഗ്ധരെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നു എന്ന് സൂചന. ന്യുഡവലപ്മെന്‍റ് ബാങ്ക് ചെയര്‍മാൻ കെ വി കാമത്തിനെ ധനമന്ത്രാലയത്തിൽ സഹമന്ത്രിയാക്കുമെന്നാണ് റിപ്പോർട്ട്. സുരേഷ് പ്രഭുവിനെ മന്ത്രിസഭയിൽ തിരിച്ചെടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
രണ്ടാംമോദി സര്‍ക്കാരിന് തുടക്കത്തിലേ നേരിടേണ്ടിവന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രവര്‍ത്തനങ്ങൾ
പരാജയമെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. സാമ്പത്തിക മാന്ദ്യം സങ്കീര്‍ണമായി തുടരുന്നതിനിടെയാണ് മന്ത്രിസഭയിലെ അഴിച്ചുപണിയെക്കുറിച്ച് സൂചനകൾ വരുന്നത്.
സാമ്പത്തിക വിദഗ്ധനായ കെ വി കാമത്ത് ധനകാര്യസഹമന്ത്രിയായാല്‍ മോദി കാബിനറ്റിൽ എത്തുന്ന, രാഷ്ട്രീയക്കാരനല്ലാത്ത ആദ്യ മന്ത്രിയായിരിക്കും അദ്ദേഹം. ഐ സി ഐ സി ഐ ബാങ്കിന്‍റെയും, ഇൻഫോസിസിന്‍റെയും മുൻ ചെയര്‍മാനും നിലവിൽ ന്യൂഡവലപ്മെന്‍റ് ബാങ്കിന്‍റെ ചെയര്‍മാനുമാണ് കെ വി കാമത്ത്. സാമ്പത്തിക രംഗത്ത് പരിചയസമ്പത്തുള്ള കാമത്തിലൂടെ മാന്ദ്യം മറികടക്കാനുള്ള പുതിയ പദ്ധതികൾ തയ്യാറാക്കുകയാണ് ലക്ഷ്യം.
കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായി പശ്ചിമബംഗാളിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സ്വപൻദാസ് ഗുപ്തയെ പരിഗണിച്ചേക്കും. പൗരത്വനിയമഭേദഗതിക്കെതിരെയടക്കം സര്‍വ്വകലാശാലകളിൽ പ്രതിഷേധങ്ങൾ ശക്തമാക്കുമ്പോഴാണ് ഈ നീക്കം. ശിവസേനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടാം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ സുരേഷ്പ്രഭുവിനെ തിരിച്ചുകൊണ്ടുവന്നേക്കും. ദക്ഷിണേന്ത്യയിൽ നിന്ന് പുതിയ മന്ത്രിമാര്‍ ഉണ്ടാകുമെന്ന സൂചനകളും ഉണ്ട്. കേരളം, പശ്ചിമബംഗാൾ, സംസ്ഥാന തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാവും മന്ത്രിസഭാ പുനഃസംഘടന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam