
ബംഗളൂരു:കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കേ ബെംഗളുരുവിൽ പുതിയ മെട്രോ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കെ ആർ പുര മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള 13.71 കിലോമീറ്റർ പാതയാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം മെട്രോ സ്റ്റേഷനിലെ സൗകര്യങ്ങൾ മോദി വിലയിരുത്തി. നിർമാണത്തൊഴിലാളികൾക്കും വിദ്യാർഥികൾക്കും നമ്മ മെട്രോ ജീവനക്കാർക്കുമൊപ്പം മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മറ്റ് ബിജെപി നേതാക്കളും മെട്രോയിൽ അൽപദൂരം സഞ്ചരിച്ചു.
നിരവധി മലയാളികൾ താമസിക്കുന്ന വൈറ്റ് ഫീൽഡ് മേഖലയിലെ ഗതാഗതക്കുരുക്കിന് മെട്രോ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രധാനമെട്രോ പാതയായ പർപ്പിൾ ലൈനുമായി കെ ആർ പുരം - വൈറ്റ് ഫീൽഡ് മെട്രോ പാതയെ ഇത് വരെ ബന്ധിപ്പിച്ചിട്ടില്ല. പണി പൂർത്തിയാകുന്നതിന് മുമ്പ് തിരക്കിട്ട് ഉദ്ഘാടനം തീർക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാണെന്ന ആരോപണവുമായി കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്. അൽപസമയത്തിനകം മോദി ദാവനഗരെയിലെത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയായ വിജയ് സങ്കൽപ് അഭിയാനിൽ മോദി സംസാരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam