രാജ്യസഭയിൽ പുകഴ്‍ത്തൽ, ശേഷം മോദി പവാറിനെ കണ്ടു, അതൃപ്തിയോടെ കോൺഗ്രസ്

By Web TeamFirst Published Nov 20, 2019, 4:15 PM IST
Highlights

മോദിയെ കണ്ട പവാറിന്‍റെ നടപടിയിൽ കോൺഗ്രസിന് ചെറുതല്ലാത്ത അതൃപ്തിയുണ്ട്. സഖ്യനീക്കങ്ങളിൽ പവാറിന്‍റെ നീക്കം നിഴൽ വീഴ്ത്തുമെന്ന് കോൺഗ്രസ് പറയുന്നു. 

ദില്ലി: കർഷകപ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് സംസ്ഥാനത്തെ കർഷകർ. ഈ സാഹചര്യത്തിലാണ് എതിർചേരിയിലായിട്ടും ശരദ് പവാർ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. 

മഹാരാഷ്ട്രയിൽ തെറ്റിപ്പിരിഞ്ഞ ശിവസേന എൻസിപിയും കോൺഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നതിനിടെ പാർലമെന്‍റിൽ മോദി പവാറിനെ പ്രശംസിച്ചിരുന്നു. കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടെയായിരുന്നു സഭയിൽ അച്ചടക്കം പാലിച്ചതിന് എൻസിപിയെ പ്രശംസിക്കുന്നതായി മോദി പറഞ്ഞത്. എങ്ങോട്ടാണ് സർക്കാർ രൂപീകരണം നീങ്ങുന്നതെന്നതിൽ രാഷ്ട്രീയവൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു ഈ പ്രശംസ.

Met Shri. Narendra Modi in Parliament today to discuss the issues of farmers in Maharashtra. This year the seasonal rainfall has created Havoc engulfing 325 talukas of Maharashtra causing heavy damage of crops over 54.22 lakh hectares of area. pic.twitter.com/90Nt7ZlWGs

— Sharad Pawar (@PawarSpeaks)

''കർഷകർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലനിൽക്കുന്നതിനാൽ, താങ്കൾ ഇടപെടേണ്ടത് അത്യാവശ്യമാണ്. കർഷകർക്കായി അടിയന്തരമായി ദുരിതാശ്വാസ നടപടികൾ തുടങ്ങണം'', മോദിക്ക് എഴുതിയ കത്തിൽ ശരദ് പവാർ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള കിങ് മേക്കറായി എൻസിപി ഉയർന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നേരത്തേ ബിജെപിയുമായി പ്രഖ്യാപിച്ച സഖ്യത്തിൽ നിന്നാകട്ടെ ശിവസേന പിൻമാറുകയും ചെയ്തു. 

സർക്കാരുണ്ടാക്കുമെന്ന് കോൺഗ്രസ്

ശിവസേനയുമായുള്ള സഖ്യം ആലോചിക്കാൻ ഇന്ന് വൈകിട്ട് കോൺഗ്രസുമായി എൻസിപി ചർച്ചകൾ നടത്താനിരിക്കുകയാണ്. ഇതിനിടെ മോദിയുമായി പവാർ ചർച്ച നടത്തിയതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുമുണ്ട്. ശിവസേനയുമായി സഖ്യത്തിലാവുകയല്ലാതെ കോൺഗ്രസ് - എൻസിപിക്ക് മുന്നിൽ വേറെ വഴിയൊന്നുമില്ല. ശരദ് പവാറിന്‍റെ ദില്ലിയിലെ വസതിയിൽ നടത്തുന്ന യോഗത്തിലാകും കൂടുതൽ തീരുമാനങ്ങളുണ്ടാവുക.

അതേസമയം, ശിവസേനയും ചർച്ചകൾ തുടരുകയാണ്. 'നാളെ നിങ്ങൾക്കൊരു തീരുമാനമറിയാം', എന്നാണ് ശിവസേനാ വക്താവും എംപിയുമായ സ‍ഞ്ജയ് റാവത്ത് പറഞ്ഞത്. എന്നാൽ ശിവസേനയിലെ തന്നെ ഒരു വിഭാഗം നേതാക്കൾക്ക് ഈ സഖ്യത്തിനോട് തീരെ താത്പര്യമില്ല. മുതിർന്ന നേതാവ് മനോഹർ ജോഷിയോടൊപ്പം ഇതിലെ അതൃപ്തിയറിയിക്കാൻ 17 എംഎൽഎമാർ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിലെത്തിയെങ്കിലും കാണാൻ അനുമതി ലഭിച്ചില്ല. 

അതേസമയം, ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ച ശേഷം എംപിയായ തന്‍റെ സ്ഥാനം രാജ്യസഭയിൽ മൂന്നാം നിരയിൽ നിന്ന് അഞ്ചാം നിരയിലേക്ക് മാറ്റിയത്, വിവേചനത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്‍റെ അടയാളമാണെന്നും ആരോപിച്ച് എംപി സഞ്ജയ് റാവത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നൽകി.

നവംബർ 22-നാണ് എല്ലാ ശിവസേനാ എംഎൽഎമാരോടും സംയുക്തയോഗത്തിന് എത്താൻ ഉദ്ധവ് താക്കറെ നിർദേശിച്ചിരിക്കുന്നത്. ഐഡി കാർഡുകളും വസ്ത്രങ്ങളുമായി എത്തണമെന്നാണ് നിർദേശം. ഒന്നിച്ച് ഒരിടത്ത് രണ്ടോ മൂന്നോ ദിവസം താമസിച്ച ശേഷം, തുടർനടപടികൾ തീരുമാനിക്കും. ഉദ്ധവ് താക്കറെ തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നാണ് ശിവസേന എംഎൽഎമാർ പറയുന്നത്.  

പവാറിന് പ്രസിഡന്‍റ് പദവി?

മഹാരാഷ്ട്രയിലെ രാഷ്ട്രീയനേതാക്കളിൽ ഏറ്റവുമധികം തലപ്പൊക്കമുള്ള നേതാവാണ് ശരദ് പവാർ. ഇന്നും ഗ്രാമങ്ങളിൽ ഏറ്റവുമധികം സ്വാധീനമുള്ള നേതാക്കളിലൊരാൾ. ശിവസേനയുമായടക്കം നല്ല ബന്ധം കാത്തുസൂക്ഷിച്ച, ആവശ്യമെങ്കിൽ സഖ്യത്തിനായി കൊടുക്കൽ വാങ്ങലുകൾ നടത്താനും വിലപേശാനും ശേഷിയുള്ള നേതാവ്. ശിവസേന ബിജെപി സഖ്യമുപേക്ഷിച്ച നിലയിൽ, കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യത്തിന് വഴിയൊരുക്കാൻ അനുവദിക്കാതെ, ശരദ് പവാറിന് പ്രസിഡന്‍റ് പദവിയടക്കം നൽകാനുള്ള നീക്കങ്ങൾ ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽക്കൂടിയാണ് സഖ്യനീക്കങ്ങൾക്കിടെ മോദി - പവാർ കൂടിക്കാഴ്ചയെ കോൺഗ്രസ് സംശയത്തോടെ കാണുന്നത്.

click me!