നരേന്ദ്ര മോദിയുടെ റാലിക്കിടെ നടന്ന സ്ഫോടനം: നാല് പ്രതികൾക്ക് വധശിക്ഷ, രണ്ട് പേർക്ക് ജീവപര്യന്തം തടവ്

By Web TeamFirst Published Nov 1, 2021, 5:13 PM IST
Highlights

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (Gujarat Chief Minister) പട്‌നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്

ദില്ലി: നരേന്ദ്ര മോദിയുടെ (Narendra Modi) 2013 ലെ റാലിക്കിടെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് കുറ്റവാളികൾക്ക് വധശിക്ഷ (Death penalty) വിധിച്ചു. എൻഐഎ കോടതിയാണ് (NIA Court) ശിക്ഷ വിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (Gujarat Chief Minister) പട്‌നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് മരിച്ചത്. കേസിൽ കുറ്റവാളികളാണെന്ന സ്ഥിരീകരിച്ച മറ്റ് രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് പേർക്ക് പത്ത് വർഷം തടവുമാണ് ശിക്ഷ. 

കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒൻപത് പേരെയും കോടതി ശിക്ഷിച്ചു. ഒരാൾക്ക് ഒരു വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് സ്ഫോടന പരമ്പര നടന്നത്. മോദിയുടെ നേതൃത്വത്തിൽ ഹങ്കർ റാലി നടക്കുന്നതിനിടെയായിരുന്നു ഇത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം നടന്ന റാലിയിലായിരുന്നു സ്ഫോടനം നടന്നത്. മോദി പ്രസംഗിച്ച വേദിയിൽ നിന്നും 150 മീറ്റർ ദൂരെയാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. എന്നാൽ ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല. സ്ഫോടനത്തിന് ശേഷം സ്ഥലത്ത് നടത്തിയ തിരച്ചിലിൽ നാല് ബോംബുകൾ കൂടി കണ്ടെത്തിയിരുന്നു. 

സ്ഫോടനത്തിലും ആൾക്കൂട്ടം ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് പരിക്കേറ്റിരുന്നു. എന്നാൽ സ്ഫോടനത്തിന് ശേഷവും മോദി റാലിയിൽ പ്രസംഗിച്ചു. ഒൻപത് ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരെയും ഒരു സിമി പ്രവർത്തകനെയുമാണ് അറസ്റ്റ് ചെയ്തത്. നുമാൻ അൻസാരി, ഹൈദർ, മുഹമ്മദ് മുജീബുള്ള അൻസാരി, ഉമർ സിദ്ധിഖി, അസറുദ്ദീൻ ഖുറേഷി, അഹമ്മദ് ഹുസൈൻ, ഫക്രുദ്ദീൻ, മൊഹമ്മദ് ഇഫ്തിക്കർ ആലം എന്നിവർക്ക് പുറമെ പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പ്രതികളായിരുന്നത്. 2017 ഒക്ടോബർ 12 ന് പ്രായപൂർത്തിയാകാത്തയാളെ സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ട് മൂന്ന് വർഷത്തെ തടവിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷിച്ചിരുന്നു.

സ്ഫോടന സ്ഥലത്ത് ഏഴ് ബോംബുകളാണ് പൊട്ടിയത്. പാറ്റ്ന റെയിൽവെ സ്റ്റേഷനിൽ രാവിലെ പത്ത് മണിയോടെയാണ് ആദ്യത്തെ സ്ഫോടനം നടന്നത്. അവശേഷിച്ചവ ഗാന്ധി മൈതാനത്തായിരുന്നു. 2013 നവംബറിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. പിന്നാലെ 2014 ൽ സംഭവത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് ഹൈദർ അലിയെ എൻഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 250 സാക്ഷികളെയാണ് പ്രൊസിക്യുഷൻ ഹാജരാക്കിയത്.

click me!