
ദില്ലി : വീർ സാവർക്കറുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് ഒരു വീഡിയോ ട്വീറ്റ് ചെയ്ത് നരേന്ദ്ര മോദി. സുശക്തമായ ഭാരതത്തിനുവേണ്ടി ധൈര്യവും, ദേശഭക്തിയും, അനന്തമായ പ്രതിബദ്ധതയും വെച്ചുപുലർത്തിയിരുന്ന ഒരാളായിരുന്നു സാവർക്കർ എന്ന് മോദി പറഞ്ഞു. അനേകം ഭാരതീയർക്ക് രാഷ്ട്ര നിർമാണത്തിനായി ഇറങ്ങിപ്പുറപ്പെടാനുള്ള പ്രചോദനം നൽകിയ മഹാത്മാവായിരുന്നു വീർ സാവർക്കർ എന്നും അദ്ദേഹം പറഞ്ഞു.
തന്റെ ട്വീറ്റിനൊപ്പം പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം വീർ സാവർക്കറുടെ വ്യക്തിത്വത്തെ വാനോളം പുകഴ്ത്തി. അദ്ദേഹം പറഞ്ഞു, " സാവർക്കർജിയുടെ വ്യക്തിത്വം സവിശേഷതകളുടെ ഭണ്ടാരമായിരുന്നു. ശാസ്ത്രത്തോടൊപ്പം, ശസ്ത്രത്തിലും(ആയുധം) വിശാരദനായിരുന്നു അദ്ദേഹം. സാവർക്കറെന്നാൽ തേജസ്സ്, സാവർക്കന്നാൽ ത്യാഗം. സാവർക്കറെന്നാൽ തപസ്സ്, സാവർക്കറെന്നാൽ തത്വം, സാവർക്കറെന്നാൽ താരുണ്യം, സാവർക്കറെന്നാൽ അസ്ത്രം, സാവർക്കറെന്നാൽ ഉടവാൾ.. "
അദ്ദേഹം തുടർന്നു, " പലപ്പോഴും, വീർ സാവർക്കർ അദ്ദേഹത്തിന്റെ സാഹസികതയ്ക്കും ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം നടത്തിയ ധീര പോരാട്ടങ്ങളുടെ പേരിലുമാണ് അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹം ഇതിനൊക്കെ പുറമെ കാല്പനികനായ ഒരു കവിയും പുരോഗാമിയായ ഒരു സാമൂഹ്യ പ്രവർത്തകനുമായിരുന്നു. സദ്ഭാവനയിലും, ഏകതയിലുമായിരുന്നു എന്നും അദ്ദേഹത്തിന്റെ ഊന്നൽ. സാവർക്കർ അദ്ദേഹത്തിന്റെ കവിതയ്‌ക്കൊപ്പം, വിപ്ലവചിന്തയും എന്നും ഹൃദയത്തിൽ കൊണ്ടുനടന്നിരുന്ന ഒരു കാല്പനികനായിരുന്നു. ഒരു സഹൃദയനായ ഒരു സാഹിത്യകാരനായിരുന്നു, ഒപ്പം സാഹസികനായ ഒരു വിപ്ലവകാരിയും.. "
1883 മെയ് 28-നായിരുന്നു വീർ സാവർക്കറുടെ ജനനം. 1966 ഫെബ്രുവരി 26-ന് തന്റെ എണ്പത്തിരണ്ടാമത്തെ വയസിലാണ് അഭിഭാഷകനും, എഴുത്തുകാരനുമായിരുന്ന അദ്ദേഹം അന്തരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam