
ദില്ലി: ക്ഷമയും അച്ചടക്കവും സഹകരണവും ജാഗ്രതയുമുണ്ടെങ്കിൽ കൊറോണ വൈറസ് എന്ന മഹാമാരിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര തോമറിനയച്ച കത്തിലാണ് മോദിയുടെ ഈ വാക്കുകൾ. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പഞ്ചായത്ത് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ 'ധീര യോദ്ധാക്കൾ' എന്നാണ് മോദി വിശേഷിപ്പിച്ചത്. അവരുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അർപ്പണ മനോഭാവത്തോടെയാണ് അവരുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് രാജ് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ.
രാജ്യം വളരെ പ്രതിസന്ധി നിറഞ്ഞ ഒരു കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മോദി ഓർമ്മപ്പെടുത്തി. ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊവിഡിനെതിരെ രാജ്യം സ്വീകരിച്ചിരിക്കുന്നത്. ക്ഷമയോടെയും അച്ചടക്കത്തോടെയും സഹകരണത്തോടെയും ജാഗ്രതയോടെയും കൂടി കൊറോണയെന്ന മഹാമാരിയെ തുരത്തിയോടിക്കാൻ നമുക്ക് സാധിക്കും. പ്രധാനമന്ത്രി കത്തിൽ പറഞ്ഞു. ഗ്രാമീണ ഇന്ത്യയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമം പഞ്ചായത്താണെന്നും രാജ്യത്തിന്റെ വികസനത്തിന്റെ താക്കോൽ സുസ്ഥിരമായ ഗ്രാമീണ സമ്പദ്‍വ്യവസ്ഥയാണെന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam