
ബംഗളൂരു:തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ ടൈഗർ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്കർ പുരസ്കാരം നേടിയ 'എലഫെന്‍റ് വിസ്പറേഴ്സി'ലെ ബൊമ്മനെയും ബെല്ലിയെയും കണ്ട് മോദി നേരിട്ട് അഭിനന്ദനമറിയിച്ചു. കാട്ടിൽ പരിക്കേറ്റ് കണ്ടെത്തിയ രഘു എന്ന ആനക്കുട്ടിയെ ചേർത്തുനിർത്തിയ മുതുമലൈ വന്യജീവി സങ്കേതത്തിലെ ബൊമ്മനും ബെല്ലിയുടെയും കഥ ഓസ്കർ പുരസ്കാരത്തിളക്കത്തിലൂടെ ലോകം കണ്ടതാണ്. ആ ബൊമ്മനെയും ബെല്ലിയെയും നേരിട്ട് കാണാനും അഭിനന്ദനമറിയിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുതുമലൈയിലെ തെപ്പക്കാട് ആനക്യാമ്പിലെത്തിയത്. ആനകളെ തലോടിയും അവർക്ക് കരിമ്പ് നൽകിയും ബൊമ്മനോടും ബെല്ലിയോടും സംസാരിച്ചും മോദി സമയം ചെലവഴിച്ചു.
ഇന്നലെ രാത്രി മൈസുരുവിലെത്തിയ മോദി രാവിലെ ഏഴേകാലോടെയാണ് ബന്ദിപ്പൂരിലെ കടുവാസങ്കേതത്തിൽ എത്തിയത്. ബന്ദിപ്പൂർ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇവിടെ ഇരുപത് കിലോമീറ്റർ ടൈഗർ സഫാരി നടത്തിയ മോദി, ഒപ്പമുണ്ടായിരുന്ന വനപാലകരോടും സംവദിച്ചു. മൈസുരുവിൽ കർണാടക ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രോജക്ട് ടൈഗറിന്‍റെ അമ്പതാം വാർഷികാഘോഷത്തിൽ പങ്കെടുക്കുന്ന മോദി, 2022 സെൻസസിൽ ഇന്ത്യയിൽ കണ്ടെത്തിയ കടുവകളുടെ എണ്ണവും പുറത്ത് വിടുന്നുണ്ട്. പ്രോജക്ട് ടൈഗറിന്‍റെ സ്മരണാർഥം അമ്പത് രൂപയുടെ നാണയവും മോദി പുറത്തിറക്കും. 1973-ൽ ഇന്ത്യയിൽ കുറഞ്ഞ് വരുന്ന കടുവകളെ സംരക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam