മോദി, അമിത് ഷാ, സ്മൃതി, യോഗി, സിന്ധ്യ; കേരളത്തില്‍ പ്രചാരണത്തിന് ബിജെപിയുടെ വന്‍പട

By Web TeamFirst Published Feb 11, 2021, 7:46 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരെയാണ് ബിജെപി പ്രചാരണത്തിനായി ഇറക്കുന്നത്.
 

ദില്ലി: കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതാക്കളുടെ വന്‍പടയുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരെയാണ് ബിജെപി പ്രചാരണത്തിനായി ഇറക്കുന്നതെന്ന് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ചില സീറ്റുകളില്‍ വിജയിക്കാനും സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രയില്‍ അമിത് ഷായും യോഗി ആദിത്യനാഥും പങ്കെടുക്കും. യാത്രയിലെ ചില ദിവസങ്ങള്‍ ഇരു നേതാക്കളും കേരളത്തില്‍ ക്യാമ്പ് ചെയ്യും. ഫെബ്രുവരി 21ന് യോഗി ആദിത്യനാഥ് വിജയ് യാത്ര ഉദ്ഘാടനം ചെയ്യും. ആദിത്യനാഥ് പോയതിന് ശേഷമായിരിക്കും അമിത് ഷാ എത്തുക. യാത്രയുടെ സമാപന ദിനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുക. മോദി പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമായിട്ടില്ല.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മധ്യപ്രദേശ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും യാത്രയില്‍ പങ്കെടുക്കും. കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, യുവമോര്‍ച്ച ദേശീയ നേതാവും എംപിയുമായ തേജസ്വി സൂര്യ എന്നിവരും പ്രചാരണത്തിനെത്തും. ഏപ്രിലിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

click me!