
മുംബൈ: മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്ന് എൻസിപി നേതാവ് അജിത് പവാർ. നേതാക്കൾ അവരുടെ ഭരണകാലയളവിൽ കൈവരിച്ച നേട്ടത്തെക്കുറിച്ചാണ് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അജിത് പവാർ. "2014ൽ ജനങ്ങൾ മോദിക്ക് വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ ബിരുദം നോക്കിയാണോ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്. ഇപ്പോൾ ഒമ്പതു വർഷമായി മോദി രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ ബിരുദ യോഗ്യതയെക്കുറിച്ച് ചോദിക്കുന്നത് മര്യാദയല്ല. പണപ്പെരുപ്പത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ചോദിക്കാം. മന്ത്രിമാരുടെ ബിരുദ യോഗ്യത എന്താണെന്നത് ഒരു വിഷയമേയല്ല. പ്രധാനമന്ത്രിയുടെ ബിരുദ വിദ്യാഭ്യാസം സംബന്ധിച്ച് വ്യക്തത വന്നാൽ പണപ്പെരുപ്പം നിയന്ത്രിക്കാനാകുമോ? അദ്ദേഹത്തിന് ഏത് വിഷയത്തിലാണ് ബിരുദം എന്നറിഞ്ഞാൽ ജനങ്ങൾക്ക് ജോലി കിട്ടുമോ?" അജിത് പവാർ ചോദിച്ചു.
നരേന്ദ്രമോദി തന്റെ ബിരുദ പഠനം സംബന്ധിച്ച കാര്യങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു. "തങ്ങളുടെ പ്രധാനമന്ത്രി എത്രമാത്രം വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമില്ലേ. അദ്ദേഹം തന്റെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കാൻ വിമുഖത കാട്ടുകയാണ്. അതെന്തുകൊണ്ടാണ്? അദ്ദേഹത്തിന്റെ ബിരുദ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയണമെന്ന് ആവശ്യപ്പെടുന്നവർക്ക് പിഴ ഈടാക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിരക്ഷരനും കുറഞ്ഞ വിദ്യാഭ്യാസമുള്ളവനുമായ പ്രധാനമന്ത്രി രാജ്യത്തിനാപത്താണ്". കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് കാണണമെന്ന് ആവശ്യപ്പെട്ടതിന് ഗുജറാത്ത് ഹൈക്കോടതി അരവിന്ദ് കെജ്രിവാളിന് 25000 രൂപ പിഴ വിധിച്ചിരുന്നു. മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്രിവാൾ വിമര്‍ശിച്ചിരുന്നു. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഡ്ഢിയാക്കാമെന്നും കെജ്രിവാൾ പരിഹസിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam