സര്‍വ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ ജമ്മുകശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ, തീരുമാനം ഗുപ്കർ സഖ്യ യോഗത്തിൽ

By Web TeamFirst Published Jun 22, 2021, 1:18 PM IST
Highlights

ജമ്മുകശ്മീരിൽ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സര്‍വ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.

ദില്ലി: ജമ്മുകശ്മീരിൽ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സര്‍വ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. ഗുപ്കർ സഖ്യത്തിന്റെ യോഗത്തിലാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ തീരുമാനമായത്. ഫറൂഖ് അബ്ദുള്ളയും മൊഹമ്മദ് യൂസഫ് തരിഗാമിയും മഹബൂബ മുഫ്തിയും പങ്കെടുക്കും. നേരത്തെ  മെഹബൂബ മുഫ്തി യോഗത്തിൽ നിന്നും വിട്ടുനിന്നേക്കുമെന്ന് അറിയിച്ചിരുന്നു. തീരുമാനം പിൻവലിച്ച മുഫ്തി, യോഗത്തിനെത്തിൽ പങ്കെടുത്ത് കശ്മീരിന്റെ വികാരം അറിയിക്കുമെന്നും പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കുന്ന യോഗം ഈ മാസം  24നാണ് നടക്കുക. 370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ടികളും കേന്ദ്രവും തമ്മിലുള്ള കുടിക്കാഴ്ച. സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗം വിളിച്ചത്. 

ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് വർഷമാകാൻ പോകുമ്പോൾ ജമ്മുകശ്മീരിന് സംസ്ഥാനപദവി നല്കുന്നതടക്കമുള്ള ചില നിർണ്ണായ മാറ്റങ്ങൾ കേന്ദ്രം ആലോചിക്കുന്നുണ്ട്. വ്യാഴാഴ്ച ചേരുന്ന സർവ്വകക്ഷി യോഗത്തിൽ ഇക്കാര്യത്തിലുള്ള നിലപാട് പ്രധാനമന്ത്രി തന്നെ അറിയിക്കാനാണ് സാധ്യത. 

click me!