
റാംപൂര്‍: ഭക്ഷണം അന്വേഷിച്ചിറങ്ങിയ കുരങ്ങന്‍ മടങ്ങിയത് ഒരു ലക്ഷം രൂപയടങ്ങിയ ബാഗുമായി. ഉത്തര്‍ പ്രദേശിലെ റാംപൂരിലാണ് സംഭവം. ചൊവ്വാഴ്ച ഷാഹാബാദിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയ ആളുടെ പണമടങ്ങിയ ബാഗാണ് കുരങ്ങന്‍ കൊണ്ടുപോയത്. ഓഫീസ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന ബാഗിനുള്ളിലായിരുന്നു സ്ഥലക്കച്ചവടത്തിന് ശേഷം കൈമാറാനുള്ള പണം സൂക്ഷിച്ചിരുന്നത്. കുരങ്ങന്‍ പണമടങ്ങിയ ബാഗ് അടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പാര്‍ക്കിംഗിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ദില്ലി സ്വദേശിയായ ഷറാഫത് ഹുസൈന്‍ എന്നയാളുടെ പണമടങ്ങിയ ബാഗാണ് കാണാതെ പോയത്. ബാഗ് മോട്ടോര്‍ സൈക്കിളില്‍ വച്ച ശേഷം സമീപത്തുള്ള ബെഞ്ചിലിരുന്ന് കണക്ക് പരിശോധിക്കുന്ന സമയത്താണ് കുരങ്ങന്‍ ബാഗ് അടിച്ച് മാറ്റിയത്. പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട് ബാഗുകളില്‍ കുരങ്ങന്‍ തപ്പി നടക്കുന്നതും ഷറാഫതിന്‍റെ ബാഗ് എടുത്തുകൊണ്ട് പോവുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബാഗ് കാണാതായെന്ന് ഉടമ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും കുരങ്ങനെ കാണാതായിരുന്നു. പിന്നാലെ വിവരമറിഞ്ഞ് ആളുകള്‍ തിരച്ചില്‍ തുടങ്ങിയപ്പോള്‍ ലക്ഷാധിപതിയായ വിവരം അറിയാതെ മരത്തില്‍ വിശ്രമിക്കുകയായിരുന്നു കുരങ്ങന്‍.
ആളുകള്‍ കുരങ്ങനില്‍ നിന്ന് ബാഗ് തിരികെ എടുക്കാന്‍ പല ഐഡിയകള്‍ പ്രയോഗിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഹുസൈന്‍ തന്നെ കുരങ്ങനെ തുരത്തിയോടിച്ച് ബാഗ് തിരിച്ച് പിടിക്കുകയായിരുന്നു. ഷഹാബാദിലും പരിസരത്തും കുരങ്ങ് ശല്യം രൂക്ഷമാവുന്നതിനക്കുറിച്ച് പരാതി വ്യാപകമാവുന്നതിനിടെയാണ് ഈ സംഭവം. കുരങ്ങ് ശല്യം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഷാഹബാദ് ഡെപ്യൂട്ടി കളക്ടര്‍ അനില്‍ കുമാര്‍ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam