തകര്‍ത്ത് പെയ്ത് മണ്‍സൂണ്‍; സെപ്റ്റംബറില്‍ പെയ്തത് 102 വര്‍ഷത്തെ റെക്കോര്‍ഡ് മഴ

By Web TeamFirst Published Sep 30, 2019, 11:31 AM IST
Highlights

സെപ്റ്റംബര്‍ 30ന് മണ്‍സൂണ്‍ പിന്‍വാങ്ങുമെന്നാണ് നേരത്തെ ഐഎംഡി അറിയിച്ചത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ പിന്മാറാന്‍  സാധ്യതയില്ലെന്ന്  കാലാവസ്ഥാ വിഭാഗം ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു.

ദില്ലി: ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍  മണ്‍സൂണ്‍ ശരാശരിയേക്കാള്‍ ഒമ്പത് ശതമാനം അധികം പെയ്തെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. സെപ്റ്റംബറിലാണ് രാജ്യത്ത് ഏറ്റവും അധികം മഴ പെയ്തത്. ലഭിക്കേണ്ട മഴയേക്കാള്‍ 48 ശതമാനം അധികമാണ് ലഭിച്ചതെന്നും ഐഎംഡി അറിയിച്ചു. 102 വര്‍ഷത്തില്‍ ആദ്യമായാണ് സെപ്റ്റംബറില്‍ ഇത്രയധികം മഴ ലഭിക്കുന്നത്.

29 വരെയുള്ള കണക്കനുസരിച്ച് 247.1 മില്ലി മീറ്റര്‍ മഴയാണ് സെപ്റ്റംബറില്‍ പെയ്തത്. 1983ല്‍ പെയ്ത 255.8 മില്ലി മീറ്ററാണ് റെക്കോര്‍ഡ്. ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ചയും കനത്ത മഴ തുടരുന്നതിനാല്‍ ഈ റെക്കോര്‍ഡ് തിരുത്താനാണ് സാധ്യതയെന്നും ഐഎംഡി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 956.1 മില്ലി മീറ്റര്‍ മഴയാണ് രാജ്യത്ത് ശരാശരി ലഭിച്ചത്.

877 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്താണ് ഇത്. സെപ്റ്റംബര്‍ 30ന് മണ്‍സൂണ്‍ പിന്‍വാങ്ങുമെന്നാണ് നേരത്തെ ഐഎംഡി അറിയിച്ചത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ പിന്മാറാന്‍  സാധ്യതയില്ലെന്ന്  കാലാവസ്ഥാ വിഭാഗം ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ വലിയ തോതില്‍ മഴ ലഭിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂണ്‍ മാസത്തില്‍ വൈകിയാണ് മണ്‍സൂണ്‍ എത്തിയതെങ്കിലും ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തകര്‍ത്ത് പെയ്യുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസവും ബംഗാള്‍ ഉള്‍ക്കടലില്‍ അടിക്കടിയുണ്ടായ ന്യൂനമര്‍ദ്ദവും കാരണമാണ് മണ്‍സൂണ്‍ നല്ല രീതിയില്‍ പെയ്യാന്‍ കാരണമെന്ന് ഐഎംഡി അറിയിച്ചു. 

click me!