
ചെന്നൈ: ശശികലയ്ക്ക് പിന്തുണ അറിയിച്ച് അണ്ണാഡിഎംകെ ഒപിഎസ് പക്ഷത്തെ കൂടുതൽ നേതാക്കൾ രംഗത്തെത്തി. ശശികല അണ്ണാ ഡിഎംകെയിലേക്ക് തിരികെയെത്തണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു. ശശികലയുമായുള്ള അനുനയ ചർച്ചകൾക്കിടെ എതിർപ്പുമായി പളനി സ്വാമി വിഭാഗം രംഗത്തെത്തുകയും ചെയ്തു.
ബിജെപി സമ്മർദ്ദങ്ങൾക്കൊടുവിൽ ഇന്നലെ മുതൽ തന്നെ അനുനയചർച്ചകൾക്ക് അണ്ണാഡിഎംകെ ശ്രമിച്ചിരുന്നു. കർണാടക അണ്ണാഡിഎംകെ സെക്രട്ടറി യുവരാജ് ഉൾപ്പടെയുള്ള നേതാക്കൾ ബംഗളൂരുവിലെ റിസോർട്ടിലെത്തി ശശികലയുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചു. പക്ഷേ, ഇതുവരെയും നേതാക്കളെ കാണാൻ ശശികല തയ്യാറായിട്ടില്ല. ഇപ്പോൾ അനുനയ ചർച്ചകളിൽ കാര്യമില്ല എന്നാണ് ശശികല ക്യാമ്പ് വ്യക്തമാക്കുന്നത്. ശശികല ചെന്നൈയിലെത്തിയ ശേഷം പാർട്ടി ഉന്നതാധികാര സമിതി യോഗം വിളിക്കുമെന്നും യഥാർത്ഥ അണ്ണാഡിഎംകെ തങ്ങളാണ് എന്നുമാണ് ശശികല ക്യാമ്പിന്റെ അവകാശവാദം.
അണ്ണാഡിഎംകെയിൽ തന്നെ ശശികലയ്ക്കായി മുറവിളി ഉയരുകയാണ്. ഒ പനീർസെൽവത്തിന്റെ തട്ടകമായ തേനിയിൽ ഉൾപ്പടെ ശശികല അണ്ണാഡിഎംകെയിലേക്ക് തിരികെയെത്തണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ ഉയർന്നുകഴിഞ്ഞു. വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ ശശികലയ്ക്കായി രംഗത്തെത്തുകയാണ്. അതേസമയം,അനുനയ ചർച്ചകളിൽ താല്പര്യമില്ലെന്ന നിലപാടാണ് എടപ്പാടി പളനിസ്വാമി പക്ഷം സ്വീകരിച്ചത്. ശശികലയെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് അവർക്കുള്ളത്. പാർട്ടിക്കുള്ളിൽ ഭിന്നത ഉയരുമെന്ന് ഉറപ്പായതോടെയാണ് ബിജെപി സമ്മർദ്ദങ്ങൾക്ക് വഴങ്ങി അനുനയ നീക്കങ്ങൾക്ക് ശ്രമം തടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam