തമിഴ്‍നാട്ടിൽ കനത്ത മഴ: മരണം 25, മേട്ടുപ്പാളയത്ത് കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 17 ആയി

By Web TeamFirst Published Dec 2, 2019, 12:22 PM IST
Highlights

സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. 

ചെന്നൈ: കനത്ത മഴയിൽ മേട്ടുപാളയത്ത് മൂന്ന് വീടുകൾ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. ഇതോടെ തമിഴ്നാട്ടിൽ മഴക്കെടുതിയിൽ ആകെ മരണം 22 ആയി. മരിച്ചവരിൽ 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. 

മഴയ്ക്ക് ശമനമുണ്ടായില്ലെങ്കിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുവാനും തമിഴ്നാട് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് വിലയിരുത്തൽ. തീരമേഖലയിൽ കേന്ദ്രസേനയുടെ സഹായം അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ആറ് തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 1500 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 

ഇടിഞ്ഞ് വീണ കെട്ടിടത്തിന് അടിയിൽപ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും മൂന്ന് പേർ മരിച്ചത്. തൂത്തുക്കുടി, തിരുനെൽവേലി എന്നിവടങ്ങളിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ ഉൾപ്പടെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്പുകൾ ചെന്നൈയിൽ  സജ്ജീകരിച്ചിട്ടുണ്ട്. 

കടലൂരിൽ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മദ്രാസ്, അണ്ണാ സർവ്വകലാശാകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ചെന്നൈ ഉൾപ്പടെ പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ ഉള്ളതിനാൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

click me!