
പട്ന: ബിഹാറിലെ പ്രളയത്തിൽ കൂടുതൽ മലയാളി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. രാജേന്ദ്ര നഗറിൽ മാത്രം പത്തിലധികം മലയാളി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പത്തനംതിട്ട സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നവർ. അധികാരികളെ സഹായത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.
പത്തനംതിട്ട വള്ളിത്തോട് സ്വദേശിയായ സണ്ണിയും ഭാര്യയും രണ്ട് പെൺകുട്ടികളും, ഉൾപ്പെടെ പത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അബ്രഹാം എന്ന മറ്റൊരു മലയാളിയും കുടുംബവും ഇതേ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. വീടിന്‍റെ ഒരു നില പൂർണ്ണമായും മുങ്ങിയ നിലയിലാണെന്നാണ് ഇവർ പറയുന്നത്. ബിഹാർ സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് കുടുങ്ങിക്കിടക്കുന്നവർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തിൽ കുടുങ്ങിപ്പോയ 24 മലയാളികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഉത്തരേന്ത്യയിൽ തുടരുന്ന മഴക്കെടുതിയിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 127 പേരാണ് മരിച്ചത്. ബിഹാറിൽ മാത്രം 29 പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബിഹാറിൽ മാത്രം 300 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കിഴക്കൻ ഉത്തർപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് 5000ത്തോളം പേരെ രക്ഷപ്പെടുത്തി. പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്.
ആശുപത്രികളിൽ വെള്ളം കയറിയതിനാൽ രോഗികളും ദുരുതത്തിലായിരിക്കുകയാണ്. വെള്ളപ്പൊക്കം ആരോഗ്യപരമായ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രോഗികളെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഉത്തർപ്രദേശിൽ പ്രയാഗാരാജ്, ലക്നൗ, അമേഠി എന്നിവിടങ്ങൾ പ്രളയക്കെടുതി രൂക്ഷമാണ്. റോഡ്, റെയിൽ ഗതാഗതം താറുമാറായിരിക്കുകയാണ്. വൈദ്യുതി ബന്ധവും തടസപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam