
ദില്ലി: യുക്രൈൻ രക്ഷപ്രവർത്തനം ഓപ്പറേഷൻ ഗംഗ തുടരുന്നു. മൂന്ന് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 710 ഇന്ത്യക്കാർ തിരികെ എത്തി. റഷ്യൻ അതിർത്തി തുറന്ന് സംഘർഷ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ നടപടി വേണമെന്ന് മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദുരിതപർവത്തിൽ നിന്ന് സ്വന്തം മണ്ണിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. കാൽനടയായി ഭാരവും ചുമന്ന് അതിര്‍ത്തി താണ്ടിയാണ് ഈ വിദ്യാർത്ഥികളിൽ പലരും നാട്ടിലേക്ക് വിമാനം പിടിച്ചത്.
പുലർച്ചയോടെ ദില്ലിയിൽ എത്തിയ ആദ്യ വിമാനത്തിലെ വിദ്യാർത്ഥികളെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നേരിട്ടെത്തി സ്വീകരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ പ്രാധാന്യമെന്ന് മന്ത്രി പ്രതികരിച്ചു. സംഘർഷമേഖലകളിലുള്ളവരെ വേഗം നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് തിരികെ എത്തിയവർ പ്രതികരിച്ചു. ദില്ലിയിൽ എത്തിയ മലയാളികൾക്ക് കേരള ഹൌസിലാണ് മറ്റ് സൌകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരികെ എത്തുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അതേസമയം ബുക്കാറസ്റ്റിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങൾ കൂടി ഇന്ന് ദില്ലിയിൽ നിന്ന് തിരിച്ചിട്ടുണ്ട്.
ദില്ലി: യുദ്ധം കടുത്ത യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്ര സർക്കാർ രാവും പകലും ശ്രമിക്കുകയാണ്. എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. യുക്രൈനില്‍ പെട്ടുപോയ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി സ്റ്റുഡന്‍റ് കോണ്ട്രാക്ടർമാരുടെ കൂടുതൽ സഹായം തേടുമെന്ന് ദില്ലിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി വേണു രാജാമണി അറിയിച്ചു. തിരിച്ചെത്തിയ വിദ്യാർഥികളിൽ നിന്ന് സ്റ്റുഡന്‍റ് കോണ്ട്രാക്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. യുക്രൈനിൽ പെട്ടുപോയ വിദ്യാർഥികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകാൻ സ്റ്റുഡന്‍റ് കോണ്ട്രാക്ടരമാർക്ക് സഹായിക്കാൻ പറ്റും. ഇത്തരത്തിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും വേണു രാജാമണി പറഞ്ഞു.
തിരുവനന്തപുരം: യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുക്രൈനിന്‍റെ കിഴക്ക് പ്രദേശങ്ങളായ കിയെവ്, കാർകീവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി.