Covid 19 : രാജ്യത്ത് 2,51,209 പുതിയ കൊവിഡ് കേസുകള്‍; ഒമിക്രോണ്‍ കൊവിഡ് പ്രതിരോധം കൂട്ടുമെന്ന് പഠനറിപ്പോര്‍ട്ട്

By Web TeamFirst Published Jan 28, 2022, 10:02 AM IST
Highlights

ഒമിക്രോൺ ബാധിച്ചവരില്‍ കൊവിഡിനെതിരായ പ്രതിരോധശേഷി കൂടുന്നെന്ന് എയിംസ്, ഐസിഎംആര്‍ പഠന റിപ്പോർട്ട് പറയുന്നു.

ദില്ലി: രാജ്യത്ത് 2,51,209 പുതിയ കൊവിഡ് കേസുകള്‍ (Covid 19) കൂടി റിപ്പോര്‍ട്ട് ചെയ്തു. 21,05,611 രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.  627 പേര്‍ രോഗബാധിതരായി മരിച്ചു. 15.88 % ആണ് ടിപിആര്‍. 24 മണിക്കൂറില്‍ 3,47,443 പേര്‍ രോഗമുക്തരായി. ഇതുവരെ വാക്സീന്‍ സ്വീകരിച്ചത് 164 കോടി പേരാണ്. ഒമിക്രോൺ ബാധിച്ചവരില്‍ കൊവിഡിനെതിരായ പ്രതിരോധശേഷി കൂടുന്നെന്ന് എയിംസ്, ഐസിഎംആര്‍ പഠന റിപ്പോർട്ട് പറയുന്നു.

കൊവിഡ് സ്ഥിതി വിലയിരുത്താൻ തെക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി  ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. വാക്സിനേഷൻ നിരക്കും ചികിത്സാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തും. അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നൽകിയ മുൻ നിർദേശങ്ങളുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടിയതായി ആഭ്യന്തര സെക്രട്ടറി  സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

407 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക്10 ശതമാനത്തിന് മുകളിൽ എന്നത് ഗൗരവതരമെന്നും ജാഗ്രത കുറയരുത് എന്നും  കത്തിൽ പറയുന്നു. പ്രാദേശികമായ നിയന്ത്രണം ഏർപ്പെടുത്തി രോഗ വ്യാപനം തടയാനും നിർദേശം നൽകി. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ദില്ലി, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരുന്നു.

click me!