ആളിക്കത്തി യുപി, സംഘര്‍ഷങ്ങളില്‍ മരണം 18 ആയി; പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നീക്കം

By Web TeamFirst Published Dec 22, 2019, 8:57 AM IST
Highlights

സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളിൽ ഇൻറർനെറ്റ് നിയന്ത്രണം പിൻവലിച്ചിട്ടില്ല.

ലഖ്നൗ: പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം ആളിക്കത്തുന്ന ഉത്തർപ്രദേശിൽ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 18 ആയി. രാംപൂരിൽ ഇന്നലെ നടന്ന സംഘർഷത്തിൽ ഒരാൾ മരിച്ചു. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളിൽ ഇൻറർനെറ്റ് നിയന്ത്രണം പിൻവലിച്ചിട്ടില്ല. അതേസമയം, പ്രകടനങ്ങളില്‍ പങ്കെടുക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചു.  

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിര്‍ദ്ദേശമാണ് പൊലീസ് നടപടികള്‍ തുടങ്ങിയിരിക്കുന്നത്. മുസാഫർ നഗറിൽ മാത്രം 50 ഓളം കടകളാണ് ജില്ലാ ഭരണകൂടം സീൽ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതിന് നിരവധി പേർക്ക് നോട്ടീസ് നല്‍കിയിരുന്നു. കടകളുടെ പരിസരങ്ങളിൽ പ്രതിഷേധങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മീററ്റിലും ബിജ്നോറിലും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. മീററ്റിൽ മാത്രം നാല് പേരാണ് അക്രമത്തിൽ മരിച്ചത്. രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരിലും ഇന്ന് ഇൻറർനെറ്റ് നിയന്ത്രണമുണ്ട്. പ്രശ്നസാധ്യതയുള്ള മേഖലകളിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാണ് നിയന്ത്രണം. 

ഇന്നലെയും മൊറാദാബാദിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. രാംപൂരിലും സംഘർഷം നടന്നു. ചിലർ വെടിയേറ്റാണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ എട്ടു വയസ്സുകാരനും ജീവൻ നഷ്ടമായി. എന്നാല്‍, വെടിവച്ചില്ല എന്ന നിലപാടിൽ യുപി ഡിജിപി ഉറച്ചു നില്ക്കുകയാണ്. അതേസമയം, മധ്യപ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത തുടരുകയാണ്. ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്തിലും അക്രമം നടന്നു. പലയിടത്തും ടയറുകൾ കത്തിച്ച് റോഡ് തടഞ്ഞു. ട്രെയിൻ സർവ്വീസുകളെയും ബന്ത് ബാധിച്ചു. ഭാഗൽപൂരിൽ ബന്തിനിടെ വ്യാപക അക്രമം നടന്നു. മധ്യപ്രദേശിലെ ജബൽപൂരിലും പ്രതിഷേധത്തിനിടെ അക്രമം നടന്നു.  ഗുജറാത്തിലെ രാജ്കോട്ടിലും അഹമ്മദാബാദിലും ജാഗ്രത തുടരുകയാണ്. അഹമ്മദാബാദിൽ അക്രമത്തിനു നേതൃത്വം നല്കിയത് കോൺഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ആരോപിച്ചു.  

click me!