
കന്യാകുമാരി: ജനിച്ച സമയം ശരിയല്ലെന്നുള്ള കുത്തുവാക്കിൽ മനം നൊന്ത് 42 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി 21കാരിയായ അമ്മ. കുഞ്ഞ് ജനിച്ച ശേഷം ഭർതൃമാതാവിന്റെ കുത്തുവാക്കിലും പോസ്റ്റ്പാർട്ടം ഡിപ്രഷൻ മൂലമെന്ന് സംശയിക്കുന്ന കൊലപാതകം കന്യാകുമാരിയിലെ കരുങ്കലിലാണ് നടന്നത്. അമ്മായി അമ്മയോടും ഭർത്താവിനോടുമുള്ള ദേഷ്യം മൂലമാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് 21കാരിയായ ബെനിറ്റ പൊലീസിന് മൊഴി നൽകിയത്. വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് കുട്ടിയെ പോസ്റ്റ് മോർട്ടത്തിന് വിധേയ ആക്കിയപ്പോഴാണ് 42 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായിലൂടെ ശ്വാസനാളിയിൽ ടിഷ്യൂ പേപ്പർ കുത്തി നിറച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ബെനീറ്റ മൊഴി നൽകി. പ്രണയ വിവാഹത്തിന് ശേഷം പെൺകുഞ്ഞ് ജനിച്ചതിൽ അമ്മായിഅമ്മ കുറ്റപ്പെടുത്തിയിരുന്നുവെന്നാണ് യുവതി പ്രതികരിക്കുന്നത്.
21കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ സ്വദേശിയായ കാർത്തിക്കുമായി ഒരു വർഷത്തിന് മുൻപാണ് കരുങ്കൽ സ്വദേശിയായ യുവതിയുടെ പ്രണയവിവാഹം നടക്കുന്നത്. തിരുപ്പൂരിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് കാർത്തിക്കും ബെനീറ്റയും പ്രണയത്തിലായത്. ഗർഭിണിയായതിന് പിന്നാലെയാണ് ബെനീറ്റ തിരിച്ച് വീട്ടിലേക്ക് എത്തിയത്. ഇതിന് പുറമേ കുട്ടിയുടെ രാശിയേച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലും കൊലപാതകത്തിന് പ്രകോപനമായെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ആദ്യത്തെ ശ്രമത്തിലല്ല കുട്ടി മരിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. നേരത്തെ കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്താൻ 21കാരി ശ്രമിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
യുവതിയുടെ വിവാഹം ഇരുവീട്ടുകാർക്കും താൽപര്യമുണ്ടായിരുന്നില്ല. പാൽ കുടിക്കുന്നതിനിടെ കുട്ടി കിടക്കയിൽ നിന്ന് താഴെ വീണ് പരിക്കേറ്റെന്ന് വിശദമാക്കിയാണ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. കാർത്തിക് കുട്ടിയുണ്ടായതിന് ശേഷം തന്നോട് താൽപര്യം കാണിച്ചിരുന്നില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. യുവതിക്ക് നേരത്തെ മാനസിക വെല്ലുവിളികൾക്ക് ചികിത്സ നൽകിയിരുന്നതായാണ് കുടുംബം വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam