
ബെംഗളൂരു: കർണാടകയിൽ തിയറ്ററുകളിലെയും മൾട്ടിപ്ലക്സുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ പ്രഖ്യാപനമുള്ളത്.2017ലും സിദ്ധരാമയ്യ സർക്കാർ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകായിരുന്നു.
കന്നഡ സിനിമാ മേഖലയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനം സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാനും തീരുമാനിച്ചു.കന്നഡ സിനിമകൾക്ക് നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകൾ വേണ്ടത്ര പരിഗണന നൽകുന്നില്ല എന്ന പരാതി സിനിമാ മേലയിൽ നിന്ന് ഉയർന്നുവന്നിരുന്നു. രക്ഷിത് ഷെട്ടി, റിഷഭ് ഷെട്ടി ഉൾപ്പെടെയുള്ളവർ ഈ പരാതി ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കന്നഡ സിനിമകൾക്കായി ഒടിടി എന്ന ആശയം സർക്കാർ ബജറ്റിൽ അവതരിപ്പിച്ചത്.
കന്നഡ സിനിമകളുടെ ഡിജിറ്റൽ, ഡിജിറ്റൽ ഇതര ആർക്കെയ്വ്സ് സൃഷ്ടിക്കുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചു. സിനിമയ്ക്ക് വ്യവസായ പദവി നൽകാനും കർണാടക സർക്കാർ തീരുമാനിച്ചു. വ്യവസായ പദവി ലഭിക്കുന്നതു വഴി സംസ്ഥാനത്തിന്റെ വ്യാവസായിക നയത്തിന് കീഴിലുള്ള പ്രയോജനങ്ങൾ നേടാൻ സാധിക്കും. കർണാടക ഫിലിം അക്കാദമിയുടെ രണ്ടര ഏക്കർ സ്ഥലത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തിൽ പുതിയ മൾട്ടിപ്ലക്സ് സമുച്ചയം നിർമിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam