ടിആർപി റേറ്റിംഗ് തട്ടിപ്പ് പിടികൂടിയതായി മുംബൈ പൊലീസ്: പ്രതികാര നടപടിയെന്ന് അർണാബ് ഗോസ്വാമി

By Web TeamFirst Published Oct 8, 2020, 9:00 PM IST
Highlights

റേറ്റിംഗ് കണക്കാക്കുന്നതിനായി മുംബൈയില്‍ ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ പണം നല്‍കി  ചാനലുകള്‍ സ്വാധീനിക്കുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിമാസം അയ്യായിരം രൂപ വരെയാണ് ആളുകൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. 

മുംബൈ: ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗിൽ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടിച്ചതായി മുംബൈ പോലീസിൻറെ വെളിപ്പെടുത്തൽ. തട്ടിപ്പിൽ റിപ്പബ്ലിക് ടിവി ഉൾപ്പടെ മൂന്ന് മാധ്യമങ്ങളുടെ പേര് പോലീസ് വെളിപ്പെടുത്തിയത് ദേശീയ തലത്തിൽ ടിവി ചാനലുകൾക്കിടിയിലെ പരസ്യയുദ്ധത്തിലേക്ക് വഴിവച്ചിട്ടുണ്ട് . മുംബൈ പോലീസ് കമ്മീഷണർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് റിപ്പബ്ളിക് ടിവി ഉടമ അർണബ് ഗോസ്വാമി പ്രതികരിച്ചു. 

ടിവി ചാനലുകളുടെ കാഴ്ചക്കാർ എത്രയെന്ന് കണ്ടെത്താൻ ടിആർപി റേറ്റിംഗ് സംവിധാനത്തെയാണ് പരസ്യം നല്കുന്നവർ ആശ്രയിക്കുന്നത്. ഇതിനായുള്ള ഏജൻസിയായ ബാർക്ക് രാജ്യത്തുടനീളം വീടുകളിൽ ബാരോമീറ്ററുകൾ സ്ഥാപിച്ചാണ് പരിപാടികളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നത്.  ടിആര്‍പിയില്‍  അട്ടിമറിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് മുംബൈ പോലീസ്  രംഗത്തെത്തിയത്. 

റേറ്റിംഗ് കണക്കാക്കുന്നതിനായി മുംബൈയില്‍ ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ പണം നല്‍കി  ചാനലുകള്‍ സ്വാധീനിക്കുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിമാസം അയ്യായിരം രൂപ വരെയാണ് ആളുകൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. ആളുകള്‍ വീട്ടിലില്ലെങ്കിലും  ടെലിവിഷന്‍ നിര്‍ത്തരുതെന്നാണ് നിര്‍ദ്ദേശം. റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ വഞ്ചനകുറ്റമടക്കം ചുമത്തി കേസെടുത്തതായി മുംബൈ പോലീസ് മേധാവി പരം വീര്‍ സിംഗ് വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണ്ണാബ് ഗോസ്വാമിക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫക്ത് മറാത്തി, ബോക്സ് സിനിമ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേ സമയം സുശാന്ത് സിംഗ് കേസിലെ ഇടപെടലിന്‍റെ പേരില്‍  ശിവസേനയും കോണ്‍ഗ്രസും  നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് പോലീസ് നടപടിയെന്ന് അര്‍ണ്ണബ് ഗോസ്വാമി പ്രതികരിച്ചു. 

പോലീസ് വെളിപ്പെടുത്തല്‍ മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ  ദേശീയ തലത്തില്‍ ടിവി  ചാനലുകളുടെ  പരസ്യ കിടമത്സരത്തിന്  സാഹചര്യമൊരുങ്ങുകയാണ്.വാർത്ത ഏറ്റെടുത്ത മറ്റ് ചാനലുകള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും അര്‍ണ്ണബ് ഗോസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!