കനത്ത മഴ; മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി

By Web TeamFirst Published Jun 9, 2021, 5:53 PM IST
Highlights

 ബുധനാഴ്ച രാലിലെ 8.30 മുതല്‍ ഉച്ചതിരിഞ്ഞ് 2.30 വരെ സന്താക്രൂസിലെ സ്റ്റേഷനിലെ കണക്ക് പ്രകാരം 164.8എംഎം മഴ ലഭിച്ചെന്നാണ് പുതിയ വിവരം. 

മുംബൈ: പ്രതീക്ഷതിലും രണ്ട് ദിവസം മുന്‍പേ എത്തിയ മണ്‍സൂണ്‍ മഴ മുംബൈ നഗരത്തെ വെള്ളത്തില്‍ മുക്കി. കലാവസ്ഥ വകുപ്പ് മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാനെ, പല്‍ഗാര്‍, റായിഗഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയോ, അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കൊ സാധ്യതയുണ്ടെന്നാണ് ഐഎംഡി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎംഡി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജയന്ത ശങ്കര്‍ എഎന്‍ഐയോട് പറഞ്ഞത് പ്രകാരം, കണക്കുകള്‍ പ്രകാരം ജൂണ്‍ 10ന് മുംബൈയില്‍ എത്തേണ്ട കാലവര്‍ഷം രണ്ടുദിവസം നേരത്തെയാണ് എത്തിയത്.

മുംബൈ കൊളാബയിലെ ഐഎംഡി സ്റ്റേഷനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 77.4 എംഎം മഴയാണ് രേഖപ്പെടുത്തിയത്. ശക്തമായ മഴ എന്ന കണക്കിലാണ് ഇതിനെ ഐഎംഡി പെടുത്തുന്നത്, ഇത് ഇന്ന് രാവിലെ 8.30 വരെയുള്ള കണക്കാണ്. അതേസമയം ബുധനാഴ്ച രാലിലെ 8.30 മുതല്‍ ഉച്ചതിരിഞ്ഞ് 2.30 വരെ സന്താക്രൂസിലെ സ്റ്റേഷനിലെ കണക്ക് പ്രകാരം 164.8എംഎം മഴ ലഭിച്ചെന്നാണ് പുതിയ വിവരം. ഇത് തീവ്രമായമായ മഴയാണ്. ബുധനാഴ്ച രാത്രിവരെ ഇതേ സ്ഥിതി തുടരും എന്നാണ് റിപ്പോര്‍ട്ട്.

 അതേ സമയം മധ്യമേഖല റെയില്‍വേ കുര്‍ളയ്ക്കും, മുംബൈ സെന്‍ട്രല്‍ സ്റ്റേഷനും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. റെയില്‍വേ പാളങ്ങളിലെ വെള്ളക്കെട്ടാണ് കാരണം. അതേ സമയം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുംബൈ കോര്‍പ്പറേഷന്‍റെ ദുരന്ത നിവാരണ സെല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

അതേ സമയം മുംബൈ നഗരത്തിന്‍റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. അതേ സമയം കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍‍വീസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും ഗതാഗതം വഴിതിരിച്ചുവിടുന്നുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി പ്രദേശിക കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കൊങ്കണ്‍ മേഖലകളില്‍ യെല്ലോ, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 
 

click me!