അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ മുംബൈ ഭീകരാക്രമണക്കേസിലെ സാക്ഷി അവശനിലയില്‍; സഹായവുമായി ബിജെപി

By Web TeamFirst Published May 12, 2020, 1:43 PM IST
Highlights

ദിവസങ്ങളായി ഭക്ഷണമില്ലാതെ അവശനിലയിലായ ഹരിശ്ചന്ദ്ര ശ്രീവര്‍ധാങ്കറിനെ ഡീന്‍ ഡിസൂസയെന്ന കടയുടമയാണ് തിരിച്ചറിഞ്ഞത്. മുംബൈ ഭീകരാക്രമണ സമയത്ത് വെടിയേറ്റ ഇയാള്‍ തീവ്രവാദികളില്‍ ഒരാളെ ബാഗിന് അടിച്ചിരുന്നു. 

മുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ സാക്ഷിയായ വയോധികന് സഹായവുമായി ബിജെപി. മുംബൈ ഭീകരാക്രമണ കേസില്‍ അജ്മല്‍ കസബിനെ തിരിച്ചറിയാന്‍ സഹായിച്ച ഹരിശ്ചന്ദ്ര ശ്രീവര്‍ധാങ്കറിനാണ് സംസ്ഥാന ബിജെപി നേതൃത്വം 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. പ്രായാധിക്യവും രോഗപീഡകളാലും അവശനിലയിലായ ഇയാളെ കഴിഞ്ഞ ദിവസമാണ് വഴിയരികില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

ദിവസങ്ങളായി ഭക്ഷണമില്ലാതെ അവശനിലയിലായ ഹരിശ്ചന്ദ്ര ശ്രീവര്‍ധാങ്കറിനെ ഡീന്‍ ഡിസൂസയെന്ന കടയുടമയാണ് തിരിച്ചറിഞ്ഞത്. മുംബൈ ഭീകരാക്രമണ സമയത്ത് വെടിയേറ്റ ഇയാള്‍ തീവ്രവാദികളില്‍ ഒരാളെ ബാഗിന് അടിച്ചിരുന്നു. അവശനിലയിലായ ഇയാളെ ഒരു ശരണാലയത്തില്‍ എത്തിച്ച ശേഷം ഡീന്‍ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ സംസ്ഥാന ബിജെപി നേതൃത്വമാണ് ഇയാളുടെ പുനരധിവാസത്തിനും ചികിത്സയ്ക്കുമായി ധനസഹായം പ്രഖ്യാപിച്ചത്. 

കല്യാണിലെ ആയുഷ് ഹോസ്പിറ്റലില്‍ ചികിത്സയിലായ ഇയാളെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസ് സന്ദര്‍ശിച്ചു. കൊവിഡ് 19 പരിശോധനയില്‍  ഹരിശ്ചന്ദ്ര ശ്രീവര്‍ധാങ്കര്‍ നെഗറ്റീവാണെന്ന് വിശദമായി. കാലുകളില്‍ മുറിവേറ്റ ഇയാളുടെ ആശുപത്രി ചിലവുകളും ബിജെപി വഹിക്കും. ഇയാളുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമവും അരംഭിച്ചിട്ടുണ്ട്. 

click me!