
ദില്ലി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീലുമായി ദില്ലി ഹൈക്കോടതിയിൽ. പ്രതികളുടെ ഹർജി പരിഗണിച്ച കോടതി ദില്ലി പൊലീസിന് നോട്ടീസ് അയച്ചു. ഒന്നാം പ്രതി രവി കപൂർ, രണ്ടാം പ്രതി അമിത് ശുക്ല, മൂന്നാം പ്രതി ബൽജീത് മാലിക്ക്, നാലാം പ്രതി അജയ് കുമാർ നാലുപേർക്കും ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചത്. താൻ പതിനാല് വർഷവും ഒമ്പത് മാസവുമായി കസ്റ്റഡയിലാണെന്ന് ഒന്നാം പ്രതി രവി കപൂർ കോടതിയിൽ പറഞ്ഞു. ഹർജി അടുത്ത മാസം 12 ന് കോടതി വീണ്ടും പരിഗണിക്കും.
2008 സെപ്റ്റംബർ 30നാണ് സൗമ്യയെ പ്രതികൾ വെടിവച്ചു കൊന്നത്. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ്, അജയ് കുമാർ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ നാലു പ്രതികള്‍ക്ക് 1,25000 രൂപ പിഴയും വിധിച്ചിരുന്നു. അഞ്ചാം പ്രതിയായ അജയ് സേത്തിയെയാണ് മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്.
സൗമ്യ വിശ്വനാഥൻ കൊലപാതകക്കേസിൽ അപ്പീലുമായി പ്രതികൾ