മുസ്ലീങ്ങൾക്ക് താമസിക്കാന്‍ 150 രാജ്യങ്ങളുണ്ട്, ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രം: ഗുജറാത്ത് മുഖ്യമന്ത്രി

By Web TeamFirst Published Dec 25, 2019, 12:13 PM IST
Highlights

മുസ്ലിംങ്ങള്‍ക്ക് 150 രാജ്യങ്ങളില്‍ എവിടേയ്ക്ക് വേണമെങ്കിലും പോകാം, പക്ഷേ ഹിന്ദുക്കള്‍ക്ക് പോകാന്‍ ഒരേ ഒരു രാജ്യമേയുള്ളു. അത് ഇന്ത്യയാണ്- ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി

അഹമ്മദാബാദ്: മുസ്ലീങ്ങള്‍ക്ക് താമസത്തിനായി തിരഞ്ഞെടുക്കാനും പോകാനുമെല്ലാം ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്, എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യമാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് നടന്ന റാലിയില്‍ സംസാരിക്കവെയാണ് വിജയ് രൂപാനിയുടെ പ്രസ്താവന. 

“ഇന്ത്യയിലെ മുസ്ലീങ്ങൾ സന്തുഷ്ടരാണ്, അവരുടെ ജനസംഖ്യ ഒന്‍പത് ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർന്നു. മതേതര ഭരണഘടന കാരണം അവർ ഇന്ത്യയിൽ മാന്യമായ ജീവിതം നയിക്കുന്നു.” വിഭജന സമയത്ത് പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. നിരന്തരമായ പീഢനം, ബലാത്സംഗം തുടങ്ങിയവമൂലം ഇപ്പോള്‍ അവരുടെ ജനസംഖ്യ മൂന്ന് ശതമാനമായി കുറഞ്ഞു. കാരണം അവർ പീഡിപ്പിക്കപ്പെടുന്നു, ബലാത്സംഗം ചെയ്യപ്പെടുന്നു, അവരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെടുന്നുവെന്ന് വിജയ് രൂപാനി പറഞ്ഞു. 

അങ്ങനെ പീഡനം നേരിട്ടവര്‍ പണ്ടേ ഇന്ത്യയിലേക്ക് മടങ്ങി, പക്ഷേ അവർക്ക് ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ  ആനുകൂല്യങ്ങൾ നേടാൻ കഴിയില്ല. ബംഗ്ലാദേശിൽ ഹിന്ദുക്കൾ അവിടത്തെ ജനസംഖ്യയുടെ വെറും രണ്ട് ശതമാനം മാത്രമാണ്, അഫ്ഗാനിസ്ഥാനിൽ ഹിന്ദുക്കളുടെയും സിഖുകാരുടെയും എണ്ണം 500 ആണ്, നേരത്തെ അത് രണ്ട് ലക്ഷത്തിൽ കൂടുതലായിരുന്നുവെന്നും വിജയ് രൂപാനി പറഞ്ഞു. മുസ്ലിംങ്ങള്‍ക്ക് 150 രാജ്യങ്ങളില്‍ എവിടേയ്ക്ക് വേണമെങ്കിലും പോകാം, പക്ഷേ ഹിന്ദുക്കള്‍ക്ക് പോകാന്‍ ഒരേ ഒരു രാജ്യമേയുള്ളു. അത് ഇന്ത്യയാണ്. അവര്‍ക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്താണ് പ്രശ്‌നം". 

നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നടപടിക്കെതിരെയും രൂപാണി രൂക്ഷ വിമര്‍ശനം നടത്തി.  കോൺഗ്രസും സഖ്യകക്ഷികളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കലാപവും പൊതു സ്വത്ത് നശിപ്പിച്ചും രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയാണെന്നും വിജയ് രൂപാണി  ആരോപിച്ചു. പൗരത്വ ഭേദഗതിയില്‍  മഹാത്മാഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ആഗ്രഹം കോണ്‍ഗ്രസ് മാനിക്കുന്നില്ലെന്നും രൂപാണി ആരോപിച്ചു.

പാകിസ്താനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നത് ഗാന്ധിജിയുടെയും അഭിപ്രായമായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗും അത്തരമൊരു നിര്‍ദ്ദേശത്തെ പിന്തുണച്ചിരുന്നുവെന്നും രൂപാനി പറഞ്ഞു. പൗരത്വ നിയമത്തെ പിന്തുണച്ച് ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ 62 റാലികളാണ് ബിജെപി ചൊവ്വാഴ്ച നടത്തിയത്.  

click me!