രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്‍; മുത്തലാഖ് ബിൽ ഇന്ന് ലോക്സഭയില്‍

By Web TeamFirst Published Jun 21, 2019, 7:06 AM IST
Highlights

കഴിഞ്ഞ ഡിസംബറിൽ മുത്തലഖ് ബില്ല് ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ ബില്ല് പാസാക്കാനായില്ല. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താൽ രാജ്യസഭയിൽ മുത്തലഖ് ബില്ല് പാസാക്കുക ഇപ്പോഴും വെല്ലുവിളിയാണ്. 

ദില്ലി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ഡിസംബറിൽ മുത്തലാഖ് ബില്ല് ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ ബില്ല് പാസാക്കാനായില്ല. 17മത് ലോക്സഭയിൽ രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് കൂടിയാണ് മുത്തലാഖ് ബിൽ. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താൽ രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസാക്കുക ഇപ്പോഴും സര്‍ക്കാരിന് വെല്ലുവിളിയാണ്. 

മുത്തലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ക്കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 22-ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്. 

ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകളും ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ് സ്വകാര്യബില്ലായി യുവതി പ്രവേശനം സഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. ഇത് കൂടാതെ തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകൾക്കും ഇന്ന് അവതരണാനുമതിയുണ്ട്.

Also Read: സുപ്രധാന ബില്ലുകൾ ഇന്ന് ലോക്സഭയില്‍; ശബരിമല അടക്കം പ്രേമചന്ദ്രന്‍റെ നാല് സ്വകാര്യബില്ലുകൾ

click me!