
എം വി ഗോവിന്ദന്റെ 'അപ്പവും' കെ റെയിലും വന്ദേഭാരതും
ട്രയൽ റണ്ണിന്റെ ഭാഗമായി വന്ദേ ഭാരത് ട്രെയിൻ സ്റ്റേഷനുകളിൽ നിർത്തിയപ്പോൾ ബിജെപി പ്രവർത്തകർ ചൂട് നെയ്യപ്പം ലോക്കോ പൈലറ്റുൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്തിരുന്നു. സംഭവം രുചികരമാണെങ്കിലും നെയ്യപ്പത്തിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം ലോക്കോ പൈലറ്റുമാർക്ക് മനസ്സിലായില്ല. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ട്രോളിയതാണെന്ന് കേരളത്തിലെ സാധരണക്കാർക്ക് മനസ്സിലായി. കേരളത്തിൽ സിൽവർലൈൻ ആവശ്യകതയെക്കുറിച്ച് സംസാരിച്ചപ്പോഴാണ് എം വി ഗോവിന്ദന്റെ അപ്പം പരാമർശമുണ്ടായത്. കുടുംബശ്രീയിലെ സ്ത്രീകൾക്ക് അവരുടെ ഗ്രാമങ്ങളിൽ നിന്ന് ദൂരെയുള്ള മാർക്കറ്റുകളിൽ വീട്ടിലുണ്ടാക്കിയ അപ്പം വിറ്റ് വീട്ടിലേക്ക് മടങ്ങാൻ കെ റെയിൽ സഹായിക്കുമെന്നാണ് കൂറ്റനാട്ടിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ, ഉയർന്ന ടിക്കറ്റ് നിരക്കുള്ള കെ-റെയിലിയിൽ കയറാൻ ഈ സ്ത്രീകൾക്ക് തൃശ്ശൂരിലെത്തണമെങ്കിൽ തന്നെ 100 രൂപയോളം ചെലവാക്കണം. ഉയർന്ന ടിക്കറ്റ് നിരക്ക് കഴിഞ്ഞാൽ ഒരു പേക്ക് അപ്പത്തിന് 50 രൂപ പോലും ലഭിക്കില്ലെന്നതാണ് വാസ്തവം. ഗോവിന്ദന്റെ അപ്പം പരമാർശം സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് പാത്രമാകുകയും ചെയ്തു. വന്ദേ ഭാരത് എത്തുന്നത് ആഘോഷിക്കാനും ഗോവിന്ദനെയാഥാർത്ഥ്യങ്ങൾ ഓർമ്മിപ്പിക്കാനുമാണ് അപ്പം വിതരണം ചെയ്തതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
രാഷ്ട്രീയത്തിലെ 'യൂത്തന്മാർ'
ഇന്ത്യൻ രാഷ്ട്രീയത്തിൽ യുവനേതാവ് എന്ന പദം പലപ്പോഴും തെറ്റായാണ് ഉപയോഗിക്കുന്നത്. ഈ യുവ നേതാക്കളുടെ പ്രായം പരാമർശിക്കുന്ന കോളത്തിലൂടെ ഒന്ന് കണ്ണോടിച്ചാലാണ് ഇത് മനസ്സിലാകുക. എല്ലാ പാർട്ടികളിലെയും കടുത്ത ഗ്രൂപ്പിസവും സ്വജനപക്ഷപാതവും കണക്കിലെടുക്കുമ്പോൾ യഥാർത്ഥ യുവാക്കളിൽ ഭൂരിഭാഗവും ഒരിക്കലും യുവനേതാക്കളുടെ പട്ടികയിൽ ഇടം കണ്ടെത്തുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ, തിങ്കളാഴ്ച കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടിയിലൂടെ കേരളത്തിൽ യുവാക്കൾക്ക് വലിയ ഡിമാൻഡുണ്ടായതായി തോന്നുന്നു. ബിജെപിയും അതിന്റെ യുവജന വിഭാഗവും പദ്ധതി വിപുലമായി നടത്താൻ തീരുമാനിച്ചതിന് പിന്നാലെ, മറ്റ് പാർട്ടികളും കോപ്പിയടിക്കാൻ ശ്രമിച്ചു. മേയിൽ കൊച്ചിയിൽ യുവജനസംഗമം നടക്കുമെന്നും രാഹുൽ ഗാന്ധി യുവാക്കളെ അഭിസംബോധന ചെയ്യുമെന്നും ആദ്യം പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്തെത്തി. രാഹുലിനെ തങ്ങളുടെ യോഗത്തിന് ക്ഷണിച്ച യൂത്ത് കോൺഗ്രസ് തങ്ങളുടെ പരിപാടിയെ യുവജന സംഗമമായി കാണാൻ വിസമ്മതിച്ചു. കൊച്ചിയിൽ കെപിസിസി നിർദേശിച്ച യോഗത്തിലല്ല രാഹുൽ പ്രസംഗിക്കേണ്ടതെന്നും യൂത്ത് കോൺഗ്രസ് തീർത്തു പറഞ്ഞു. യുവത്തിന് പകരമായി പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കുന്ന പരിപാടി ഇടതുപക്ഷ യുവജന സംഘടനയായ ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
കർണാടക തെരഞ്ഞെടുപ്പ്, ബിജെപി എംപിമാർക്ക് ഡബിൾ ഡ്യൂട്ടി
കർണാടകയിൽ അധികാരം നിലിനിർത്താനും പിടിച്ചെടുക്കാനും കടുത്ത മത്സരം നടക്കുകയാണ്. കർണാടകയിലെ ഇരട്ട എൻജിൻ സർക്കാർ ഉപയോഗിച്ച് പരമാവധി നേട്ടമുണ്ടാക്കാൻ തീരുമാനിക്കുമ്പോൾ, പാർട്ടിയിലെ എല്ലാ അംഗങ്ങളിൽ നിന്നും നിർലോഭമായ പിന്തുണ വേണം. നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്ന സാഹചര്യത്തിൽ ഭരണം നിലനിർത്താൻ ബിജെപിയുടെ പാർലമെന്റ് അംഗങ്ങൾക്ക് കർണാടകയിലെ വിവിധ മണ്ഡലങ്ങളുടെയും പ്രദേശങ്ങളുടെയും ചുമതലയും നൽകിയിട്ടുണ്ട്. ഇവർ ഓരോരുത്തരും അവരവരുടെ നിയോജക മണ്ഡലങ്ങളിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റേണമെന്നാണ് ദില്ലിയിലെ ബോസുമാരുടെ നിർദേശം. എംപിമാർക്ക് നൽകിയ ചുമതല, വോട്ടർമാരുമായി ഗ്രൗണ്ട് ലെവൽ ബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഒന്നാണെന്നും അവർക്കറിയാം. ഗ്രാമീണ ജനതയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതികളും പരിപാടികളും ജനങ്ങളെ അറിയിച്ച് വോട്ട് ബാങ്കുകളുടെ പിന്തുണ ഉറപ്പാക്കുകയാണ് എംപിമാരുടെ ചുമതല. ഇത് വെറുത തലയാട്ടി സമ്മതിച്ചാൽ പോര, എല്ലാ ദിവസവും വിശദമായ റിപ്പോർട്ട് ദില്ലിയിലെത്തിക്കണം. സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും ജോലിഭാരവും സമ്മർദവും വളരെ കൂടുതലാണെന്ന് എംപിമാരിൽ ചിലർ പറയുന്നു. ചിലർക്ക് എംപി എന്നാൽ പാർലമെന്റ് അംഗമാണോ അതോ പാർട്ടി അംഗമാണോ എന്ന സംശയം പോലുമുണ്ടായതായാണ് അണിയറ വർത്തമാനങ്ങൾ.
രാജസ്ഥാൻ സർക്കാറിന് തലവേദനയായ നേതാവ് തിരിച്ചെത്തുന്നു
രാജസ്ഥാനിൽ ഭരണകക്ഷിയായ കോൺഗ്രസിന് തലവേദനയാണ് ബിജെപി നേതാവ് കിറോഡി ലാൽ മീണ. അദ്ദേഹം നേതൃത്വം നൽകുന്ന സമരങ്ങൾ ഉജ്ജ്വല വിജയമാണെന്നത് തന്നെ കാരണം. അദ്ദേഹം ചികിത്സയ്ക്കായി ദില്ലിയിൽ പോയതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർക്കാർ ആശ്വാസത്തിലാണ്. സർക്കാരിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതിനിടെയാണ് നേതാവിന് പരിക്കേറ്റ് ചികിത്സ തേടിയതെന്നും ശ്രദ്ധേയം. ബ്യൂറോക്രസിയിൽ ഇടയിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തിൽ സർക്കാർ ആശങ്കാകുലരാണ്. ദില്ലിയിൽ നിന്ന് മടങ്ങിവരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പേ അടുത്ത സമരപരിപാടികളെക്കുറിച്ച് അദ്ദേഹം അണികളെ അറിയിച്ചു. മീണയെ എങ്ങനെ നേരിടാമെന്നതാണ് ഇപ്പോൾ സർക്കാറിന്റെ മുന്നിലുള്ള തലവേദന.
ഡിഎംകെയെ വെട്ടിലാക്കി ധനമന്ത്രിയുടെ ശബ്ദ സന്ദേശം
ധനമന്ത്രിയുടെ വോയിസ് ക്ലിപ് ചോർന്നതാണ് ഡിഎംകെക്ക് തലവേദനയായത്. ഭരിക്കുന്ന പാർട്ടിയെ നിയന്ത്രിക്കുന്ന കുടുംബത്തിലെ ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനെക്കുറിച്ച് സംസാരിച്ച തമിഴ്‌നാട് ധനമന്ത്രിയുടെ വോയ്‌സ് ക്ലിപ്പാണ് ചോർന്നത്. സംഭവം ബിജെപി ആയുധമാക്കിയിരിക്കുകയാണ്. വിലകൂടിയ റിസ്റ്റ് വാച്ച് ധരിച്ചതിന്റെ പേരിൽ പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ചതിന് പ്രതികാരം ചെയ്യാൻ ബിജെപി അവസരം ഉപയോഗിക്കുകയാണ്. വാച്ച് സുഹൃത്തിന്റേതാണെന്ന് പറഞ്ഞ് തടിയൂരിയെങ്കിലും നാണക്കേടിൽ നിന്ന് പൂർണമായി മുക്തമാകാൻ കഴിഞ്ഞിരുന്നില്ല. അതിനിടയിലേക്കാണ് ചോർന്ന വോയിസ് ക്ലിപ്പ് ലഭിക്കുന്നത്. ഇതുപയോഗിച്ച് ഡിഎംകെയെ സമ്മർദ്ദത്തിലാക്കുകയാണ് ബിജെപി. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ അടുത്ത കാലത്തായി സമ്പാദിച്ച 30,000 കോടി രൂപയുടെ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമല്ലെന്ന് വോയ്‌സ് ക്ലിപ്പിൽ ധനമന്ത്രി ആരോപിക്കുന്നു. ധനമന്ത്രി വിവാദത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും ഡിഎംകെ നേതൃത്വം ആകെ അസ്വസ്ഥരാണ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ ധനമന്ത്രിയെ ഉടൻ മാറ്റുമെന്നാണ് അവസാനം കേട്ടത്.
രാജസ്ഥാനിൽ ചായക്കോപ്പയിൽ ശരിക്കും കൊടുങ്കാറ്റ്
രാജസ്ഥാൻ കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ശീത സമരം ഇനിയും അവസാനിപ്പിച്ചിട്ടില്ല. അതിനിടയിലാണ് ഒരു ചായക്കടക്കാരൻ ആത്മഹത്യ ചെയ്തതിന്റെ പുകിലുകൾ. മുതിർന്ന മന്ത്രിക്കെതിരായ ആരോപണം ഉന്നയിച്ചാണ് ചായക്കടക്കാരൻ ആത്മഹത്യ ചെയ്തത്. മന്ത്രിയുടെ മണ്ഡലത്തിലാണ് ചായക്കടക്കാരന്റെ താമസം. ഹോട്ടൽ ഉടമ തന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മന്ത്രിയാണ് ഹോട്ടലുടമക്ക് എല്ലാ ഒത്താശയും ചെയ്യുന്നതെന്ന് ഇദ്ദേഹം ആരോപിച്ചതോടെ മന്ത്രിയായ മഹേഷ് ജോഷി വെട്ടിലായി. പ്രതിപക്ഷം മാത്രമല്ല, കോൺഗ്രസ് നേതാക്കൾ തന്നെ മന്ത്രിക്കെതിരെ രംഗത്തെത്തി. മന്ത്രിയുടെ സീറ്റിൽ കണ്ണുവെച്ചാണ് കോൺഗ്രസ് നേതാക്കളുടെ നീക്കമെന്നും പറയുന്നു. എന്താലായും സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.