
കർണാടക: മൈസൂരിലെ നഞ്ചൻഗുഡ് ഗ്രാമത്തിലെ കൊവിഡ് 19 ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കർണാടക സർക്കാർ. നഞ്ചൻഗുഡ് ഗ്രാമത്തിൽ മാത്രം 65 കൊവിഡ് ബാധിതരാണുള്ളത്. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനിലാണ് ഇവിടെ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾ ചൈന സന്ദർശിച്ചതിനാലാണ് രോഗം ബാധിച്ചത് എന്നാണ് മെഡിക്കൽ എഡ്യൂക്കേഷൻ മന്ത്രിയുടെ അവകാശവാദം. - എങ്ങനെയാണ് ഇയാളിൽ വൈറസ് ബാധ ഉണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പത്തോളം വിദേശ പ്രതിനിധികൾ ഇയാൾ ജോലി ചെയ്തിരുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി സന്ദർശിച്ചിരുന്നു. അവരിൽ ഒരാളിൽ നിന്നാകാം വൈറസ് ബാധയുണ്ടായതെന്ന് സംശയമുണ്ട്. രോഗിയായ ഒരാൾ ചിലപ്പോൾ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചില്ലെന്നും വരാം.- മന്ത്രി സുരേഷ് കുമാർ വ്യക്തമാക്കി.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളിൽ നിന്നാണോ ഇയാൾക്ക് കൊറോണ ബാധിച്ചതെന്ന് സർക്കാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പരിശോധനയിൽ ഉത്പന്നങ്ങളിലൊന്നും തന്നെ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗബാധയുള്ള വ്യക്തി ചൈന സന്ദർശനം നടത്തിയെന്ന് മെഡിക്കൽ എഡ്യൂക്കേഷൻ മന്ത്രി സുധാകർ ആരോപിക്കുന്നു. പേഷ്യന്റ് 52 എന്നാണ് ആദ്യ കൊവിഡ് രോഗിയെ വിശേഷിപ്പിക്കുന്നത്. കൊറോണ ബാധിച്ചയാൾക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്ന വിവരം വളരെ പ്രധാനപ്പെട്ടതാണ്. കാരണം രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും അതുവഴി കൂടുതൽ മുൻകരുതൽ സ്വീകരിക്കാനും ഉറവിടം വ്യക്തമായേ മതിയാകൂ. ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കൊവിഡ് 19 വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. രോഗം വ്യാപിക്കുന്നതിനുള്ള സാധ്യതയും വർദ്ധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam