
ദില്ലി: മണിപ്പൂർ (Manipur) മുഖ്യമന്ത്രിയായി (chief minister)എൻ. ബിരേൻ സിംഗ് (N Biren Singh) ഇന്ന് സത്യപ്രതിജ്ഞ (swearing )ചെയ്യും. വൈകിട്ട് മൂന്ന് മണിക്കാണ് സത്യപ്രതിജ്ഞ. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ്(Biren singh) മുഖ്യമന്ത്രി ആകുന്നത്. ബിരേൻ സിങ്ങിനെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. മണിപ്പൂരിൽ ബി ജെ പി വ്യക്തമായ ആധിപരത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകുകയായിരുന്നു. ബിരേൻ സിംഗും മുതിർന്ന എം എൽ എ ബിശ്വജിത് സിംഗും തമ്മിലുള്ള തർക്കമായിരുന്നു കാരണം.
ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവച്ചാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ചയുറപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുകയാണ്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വികസനം പറഞ്ഞ് വോട്ടു പിടിച്ചാണ് ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായത്. മുഖ്യമന്ത്രി ബിരേൻ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർഥികള്‍ അധികവും വിജയിച്ചു.
മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒന്‍പത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. പരാജയപ്പെട്ടവരിൽ മണിപ്പൂർ പിസിസി പ്രസിഡന്‍റ് എൻ. ലോകൻ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളിൽ മാത്രം മത്സരിച്ച എൻപിഎഫിന് കോൺഗ്രസിനേക്കാൾ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ കോൺഗ്രസ് പാടെ തുടച്ചു മാറ്റപ്പെട്ടു.
യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സ്ഥാനമേൽക്കും
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി,ആബ്യന്തര മന്ത്രി അമിത് ഷാ , കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. പുതിയ എം എൽ എമാരുടെ യോഗം ഇന്ന് ലക്നൗവിൽ ചേരുന്നുണ്ട്. മന്ത്രിസഭയുടെ അന്തിമരൂപം ഇന്ന് തയാറായേക്കും. യു പിയിൽ നിരീക്ഷകനായി ചുമതലപ്പെടുത്തിയ അമിത്ഷായും യോഗത്തിൽ പങ്കെടുക്കും.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആരാകും ? തീരുമാനം ഇന്ന്;പുഷ്കർ സിങ് ധാമിക്കായി രാജിവയ്ക്കാൻ തയാറെന്ന് 6 എംഎൽഎമാർ
ദില്ലി: ഉത്തരാഖണ്ഡിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇന്നറിയാം. വൈകിട്ട് ഡെറാഡൂണിൽ നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. രാവിലെ 9.30 ന് നിയമസഭയിൽ എംഎൽഎ മാരുടെ സത്യ പ്രതിജ്ഞ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ് , മീനാക്ഷി ലേഖി എന്നിവർ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കും.
ഇന്നലെ പുഷ്കർ സിങ് ധാമി, രമേഷ് പൊഖ്രിയാൽ , സംസ്ഥാന ബിജെപി അധ്യക്ഷൻ മദൻ കൗശിക് എന്നിവരുമായി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ജെ പി നദ്ദ എന്നിവർ ചർച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ പുഷ്കർ സിങ് ധാമിക്കായി രാജിവെക്കാൻ തയ്യാറാണ് എന്ന് ആറ് ബി ജെ പി എം എൽ എമാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാല് സംസ്ഥാനങ്ങളിലെയും സർക്കാർ രൂപീകരണത്തെക്കുറിച്ച് ബിജെപി ഉന്നതതല യോഗം ചർച്ച നടത്തിയിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam