'കൊവിഡിനെതിരായ യുദ്ധം നീണ്ടത്'; ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് കത്തെഴുതി മോദി

By Web TeamFirst Published May 30, 2020, 8:04 AM IST
Highlights

 ഇപ്പോഴത്തെ തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കാന്‍ പാടില്ലെന്നും കത്തിലൂടെ മോദിയുടെ സന്ദേശം

ദില്ലി: സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ യുദ്ധം നീണ്ട് നില്‍ക്കുന്നതെന്നും ഇപ്പോഴത്തെ തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കാന്‍ പാടില്ലെന്നും കത്തിലൂടെ മോദിയുടെ സന്ദേശം.  നിരവധിപേർ ഈ പ്രതിസന്ധിയിൽ ക്ലേശം സഹിച്ചു. തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സ്വയംതൊഴിൽ കണ്ടെത്തുന്നവരും ബുദ്ധിമുട്ടി. ജനങ്ങളുടെ ആത്മവിശ്വാസവും ക്ഷമയും ഇന്ത്യയെ സഹായിച്ചെന്നും മോദി കത്തില്‍ കുറിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ നേട്ടങ്ങളും മുന്നിലെ പ്രതിസന്ധികളും കത്തിലുണ്ട്. 

ഇന്ന് ഒരുവർഷം പൂർത്തിയാക്കുന്ന രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ തുടർഭരണത്തിൽ കൊവിഡ് പ്രതിരോധ നടപടികളുടെ ഫലം നിർണ്ണായകമാകും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പുതിയ ലക്ഷ്യം. അഞ്ചു ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനം തല്‍ക്കാലം സർക്കാർ മാറ്റിവയ്ക്കുന്നു. മേയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്ന പ്രഖ്യാപനത്തോടെ പുതിയ രൂപം കൈവരിക്കുന്നു.

കൊവിഡ് ലോകത്തെയും രാജ്യത്തെയും പ്രതിസന്ധിയില്‍ ആക്കുമ്പോള്‍ രോഗപ്രതിരോധ നീക്കങ്ങളുടെ വിജയം മോദിക്ക് മുന്നോട്ടുള്ള പാതയിൽ പ്രധാനമാണ്. സാമ്പത്തിക രംഗം ആടിയുലയുമ്പോള്‍ പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപിച്ച പരിഷ്ക്കാരങ്ങൾക്ക് നിയമഭേദഗതിയും അനിവാര്യമാണ്. ഇതിനുള്ള പിന്തുണ പാർലമെൻറിൽ ഉറപ്പിക്കണം. തൊഴിലാളികളുടെ മടക്കത്തിന്‍റെ കാഴ്ച ഏല്‍പ്പിച്ച ആഘാതത്തിനൊപ്പം വ്യാപകമായ തൊഴിൽ നഷ്ടവും സർക്കാരിനെ വരുംനാളുകളിൽ ഉലയ്ക്കും. തല്‍ക്കാലം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഇടിക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല എന്നതിൽ മാത്രമാണ് ഭരണപക്ഷത്തിന് ആശ്വാസം.

ജമ്മുകശ്മീരിൽ സ്ഥിതി സാധാരണനിലയിൽ കൊണ്ടുവരണം, പൗരത്വനിയമഭേദഗതിയിലും രജിസ്റ്ററിലും സമവായം ഉണ്ടാക്കണം, അതിർത്തിയിലെ സംഘർഷം പരിഹരിക്ക്ണം. ഇതിനൊപ്പം വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഒഴിവാക്കുക എന്ന കടമ്പയും മോദിയെ കൊവിഡാനന്തരം കാത്തിരിക്കുന്നു.
 

click me!