ജന്മദിനത്തില്‍ രാഹുൽ ഗാന്ധിക്ക് ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി

By Web TeamFirst Published Jun 19, 2019, 10:49 AM IST
Highlights

പിറന്നാൾ ദിനത്തിൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുരാരോഗ്യ സൗഖ്യം നേർന്നു. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നത്. 

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49-ാം ജന്മദിനം. പിറന്നാൾ ദിനത്തിൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുരാരോഗ്യ സൗഖ്യം നേർന്നു. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നത്. മോദിയെ കൂടാതെ രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിൽ നിന്ന് രാഹുൽ ​ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരെത്തി.

‘ശ്രീ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഹുൽ ​ഗാന്ധിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ട്വീറ്ററിൽ #IAmRahulGandhi, #HappyBirthdayRahulGandhi തുടങ്ങിയ ഹാഷ്​ടാ​ഗുകൾ ഹിറ്റാകുകയാണ്.  

Best wishes to Shri on his birthday. May he be blessed with good health and a long life.

— Narendra Modi (@narendramodi)

ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മില്‍ നിരവധി തവണ ശീതയുദ്ധത്തിലേർപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഉയർത്തിയ ‘ചൗകിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റഫാൽ കരാർ അടക്കമുള്ള അഴിമതി ആരോപണങ്ങൾ മോദിക്കെതിരെ രാഹുൽ ഉന്നയിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇതിന് മോദി മറുപടി നല്‍കിയത്. ഉത്തർപ്രദേശിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പരാമർശം. 

ലോക്സഭ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമായിരുന്നു കോൺ​ഗ്രസ് ഏറ്റുവാങ്ങിയത്. 52 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സ്വന്തം മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിച്ച് രാഹുല്‍ ഗാന്ധി പരാജയമേറ്റുവാങ്ങി. എന്നാൽ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വയനാട് ലോക് സഭാ മണ്ഡലത്തില്‍ രാഹുല്‍ ​ഗാന്ധി വിജയിച്ചത്. അതേസമയം 353 സീറ്റുകളിൽ വിജയം നേടി എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തി. 303 സീറ്റ് നേടി ബിജെപി രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ രണ്ടാം തവണ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. 
 
 

click me!