
ദില്ലി: ദേശീയ നിയമ കമ്മീഷൻ കേന്ദ്രസർക്കാരിന് പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം കർശനമാക്കാൻ ശുപാർശകൾ നൽകി. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളുടെയും വിവിധ ഹൈക്കോടതികളുടെ വിധികളുടെയും പശ്ചാത്തലത്തിലാണ് നിയമ കമ്മീഷൻ ഇതുസംബന്ധിച്ച് ശുപാർശകൾ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം ദില്ലിയിൽ കൂടിയ നിയമ കമ്മീഷൻ യോഗത്തിൽ ഇതുസംബന്ധിച്ച് നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയതായിട്ടാണ് പുറത്ത് വരുന്ന വിവരം.
നിയമം കർശനമാക്കുന്നതിന്‍റെ ഭാഗമായി കമ്മീഷൻ നൽകിയ ശുപാർശകൾ ഇപ്രകാരമാണ്. ഏന്തെങ്കിലും രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ, പ്രതിഷേധം ആഹ്വാനം ചെയ്ത പാർട്ടിയയോ സംഘടന ഭാരവാഹികളെ പ്രതികളാക്കാം. ഇത്തരം കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് ജാമ്യം ലഭിക്കുന്നതിനും കർശന നിർദ്ദേശങ്ങൾ അടങ്ങുന്ന ശുപാർശയാണ് കമ്മീഷൻ സമർപ്പിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ നശിപ്പിക്കപ്പെട്ട വസ്തുവിന്‍റെ വിലക്ക് തത്തുല്യമായ പണം ജാമ്യത്തുകയായി കെട്ടിവെക്കണം. വില നിശ്ചയിക്കാൻ കഴിയാത്ത വസ്തുവിന് കോടതി പറയുന്ന തുക ജാമ്യത്തുക നൽകണം. കൂടാതെ നിയമത്തിൽ ഭേദഗതി വരുത്താനായി 2015 -ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിലെ മറ്റു വ്യവസ്ഥകളും കമ്മീഷൻ നിലനിർത്തുന്നുണ്ട്. പ്രധാനമായും പ്രതിഷേധങ്ങളുടെ വിഡിയോ പൊലീസ് ചിത്രീകരിക്കണം. ഈ ദൃശ്യങ്ങൾ പൊലീസ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് കൈമാറണം എന്നതുള്‍പ്പെടെയുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ നിലനിർത്തിയിട്ടുമുണ്ട്.
2011 -ൽ കേരള ഹൈക്കോടതിയിൽ ഹേമന്ത് കുമാർ കേസിൽ, ജസ്റ്റിസ് കെ.ടി ശങ്കരൻ ഇത്തരം കേസുകളിൽ പ്രതികളാകുന്നവർ നശിപ്പിക്കപ്പെട്ട പൊതുമുതലുമായി ബന്ധപ്പെട്ട് ജാമ്യത്തുക കെട്ടിവെക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ, പല സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പൊതുമുതൽ നശിപ്പിക്കപ്പെടുമ്പോൾ കർശന നടപടികൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് നിയമ കമ്മീഷൻ പുതിയ ശുപാർശ കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്.
അതെസമയം, ക്രിമിനൽ അപകീർത്തി നിയമത്തിൽ ഭേദഗതി സംബന്ധിച്ച് പഠിച്ച നിയമ കമ്മീഷൻ നിലവിൽ ഇതിൽ മാറ്റം വേണ്ടെന്ന നിർദ്ദേശം നൽകിയതായിട്ടാണ് വിവരം. ശുപാർശകൾ പരിശോധിച്ച ശേഷം കേന്ദ്ര സർക്കാർ മറ്റു നടപടികൾ സ്വീകരിക്കും. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയെയാണ് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ ചെയർമാൻ. കേരള ഹൈക്കോടതി മുൻ ജഡ്ജി കെ ടി ശങ്കരൻ, ആനന്ദ് പലിവാൾ, പ്രൊഫ. ഡി.പി. വർമ്മ, പ്രൊഫ.രാകാ ആര്യ, എം. കരുണാനിധി എന്നിവരാണ് മറ്റ് അംഗങ്ങൾ.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam