കര്‍ഷകരെ കേന്ദ്രത്തില്‍ നിന്ന് രക്ഷിക്കാന്‍ മാര്‍ഗം നിര്‍ദേശിച്ച് സിദ്ദു

By Web TeamFirst Published Oct 4, 2020, 7:46 PM IST
Highlights

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് കോണ്‍ഗ്രസ് റാലി ആരംഭിച്ചത്.
 

ദില്ലി: കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് താങ്ങുവില നല്‍കി കൂടെയെന്ന് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിദ്ദുവിന്റെ നിര്‍ദേശം. കര്‍ഷകര്‍ക്ക് കേന്ദ്രം താങ്ങുവില നല്‍കുന്നത് നിര്‍ത്തിയാല്‍ സംസ്ഥാനങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

ഹിമാചല്‍പ്രദേശ് സര്‍ക്കാറിന് കര്‍ഷകരില്‍ നിന്ന് ആപ്പിള്‍ വാങ്ങാമെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ക്ക് വിള വാങ്ങിക്കൂടാ. കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കാന്‍ നമുക്ക് കഴിയില്ലേ. പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കിയാല്‍ നമ്മള്‍ സ്വയം പര്യാപ്തമാകും-സിദ്ദു പറഞ്ഞു. നമ്മള്‍ക്ക് അവരുമായി പോരാടാന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാം അംബാനിയും അദാനിയും കൊണ്ടുപോകും. ഫെഡറല്‍ സംവിധാനത്തെയും നമ്മുടെ വരുമാനത്തെയും കേന്ദ്ര സര്‍ക്കാര്‍ കവരുകയാണ്. മണ്ഡികളില്‍ നിന്ന് 5000 കോടിയാണ് നേടിയത്. നമ്മുടെ പിതാക്കന്മാരാണ് മണ്ഡികള്‍ ഉണ്ടാക്കിയത്. കേന്ദ്രം നമ്മുടെ അവകാശങ്ങളെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഇടഞ്ഞു നില്‍ക്കുന്ന നേതാവാണ് സിദ്ദു. 

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് കോണ്‍ഗ്രസ് റാലി ആരംഭിച്ചത്. ഖേട്ടി ബചാവോ യാത്ര എന്നാണ് റാലിയുടെ പേര്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ബിജെപി കൊണ്ടുവന്ന നിയമങ്ങള്‍ ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 
 

click me!