നവ്ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു

By Web TeamFirst Published Jul 19, 2021, 12:05 AM IST
Highlights

ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ നിയമനം

ദില്ലി: നവ്ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി അമരീന്ദർ സിംഗും അദ്ദേഹത്തിനൊപ്പമുള്ളവരും വീണ്ടും നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ഹൈക്കമാന്‍റ് നീക്കം. കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സിദ്ദു പരസ്യമായി മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ഒടുവില്‍ നിലപാട് എടുത്തിരുന്നു. 

സിദ്ദുവിനൊപ്പം നാല് വർക്കിങ് പ്രസി‍ഡന്‍റുമാരെയും ഹൈക്കമാന്‍റ് നിയമിച്ചിട്ടുണ്ട്. ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ നിയമനം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാക്കളാണ് ഇവർ. പിസിസി അധ്യക്ഷ നിയമത്തിൽ തുടക്കം മുതൽ ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിലപാട് അമരീന്ദർ സിങ് സ്വീകരിച്ചിരുന്നു. 

ക്യാപ്റ്റൻ എന്ന പേരിൽ അറിയപ്പെടുന്ന അമരീന്ദർ കടുത്ത എതിർപ്പ് ഉയർത്തിയെങ്കിലും എംഎല്‍എമാരുടെ  പിന്തുണ അടക്കമുള്ള ഘടകങ്ങൾ സിദ്ദുവിന്‍റെ നിയമനത്തില്‍ നിര്‍ണായകമായെന്നാണ് സൂചന. പാർട്ടിയിൽ നടത്തിയ പുതിയ അഴിച്ചു പണിയോടെ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉറപ്പാക്കാനാവും എന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!