
ദില്ലി: ഓടുന്ന ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്. നേവി ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതിയുടെ മരണം അപകടമരണമല്ലെന്നും ടിടിഇ തള്ളിയിട്ട് കൊലപ്പെുത്തിയതാണെന്നും പൊലീസ്. സംഭവത്തിൽ ടിടിഇയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഈ മാസം 25ന് രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് (32) മരിച്ചത്. ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ പുറത്തേക്ക് തള്ളിയിട്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആദ്യം അപകടമരണമാണെന്നു കരുതിയ സംഭവമാണ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. കാൺപൂർ ദേഹത്ത് സ്വദേശിയായ ആരതി യാദവ് ചികിത്സയുടെ ആവശ്യത്തിനായി ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി കാൻപുരിൽ നിന്ന് ബരൗണി-ന്യൂഡൽഹി ഹംസഫർ സ്‌പെഷൽ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. എന്നാൽ കാത്തിരുന്ന ട്രെയിൻ വൈകിയതിനാൽ പട്‌ന-ആനന്ദ് വിഹാർ സ്‌പെഷ്യൽ ട്രെയിനിൽ കയറി. ഒറ്റക്കായിരുന്നു യാത്ര. മതിയായ ടിക്കറ്റില്ലാതെ യുവതി ട്രെയിനിൽ കയറിയത് ടിടിഇ ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു.
പ്രകോപിതനായ ടിടിഒ ആരതിയുടെ ബാഗ് ട്രെയിനിനു പുറത്തേക്ക് എറിയുകയും അവരെ തള്ളിയിടുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തെറിച്ചവീണ യുവതി തൽക്ഷണം മരിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അറസ്റ്റിലായ ടിടിഇയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുടുംബത്തിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റെയിൽവേ പൊലീസ് അറിയിച്ചു.