Latest Videos

വിദേശത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

By Web TeamFirst Published Dec 25, 2022, 1:45 PM IST
Highlights

ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളിലേക്ക് ജനങ്ങൾ കടന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ജാഗ്രത നിർദ്ദേശം.

ദില്ലി: കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ  പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. 

ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളിലേക്ക് ജനങ്ങൾ കടന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ജാഗ്രത നിർദ്ദേശം. എല്ലാവരും മാസ്ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാൽ സുരക്ഷിതരാകാം. ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിൻറെ സന്തോഷമില്ലാതാക്കാൻ ഇടവരുത്തരുതെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. 

ഉത്സവകാലങ്ങളിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിൽ സൗകര്യങ്ങൾ വിപുലമാക്കുന്നതിനെ കുറിച്ച് ആരോഗ്യമന്ത്രാലയം ചർച്ചകൾ തുടങ്ങി.  നഗരങ്ങളിൽ പ്രതിദിനം പരമാവധി നൂറ് പേർ മാത്രം ബൂസ്റ്റർ ഡോസ് എടുത്തിരുന്നിടത്ത് മാറിയ സാഹചര്യത്തിൽ രണ്ടായിരമോ, മൂവായിരമോ പേർ ബൂസ്റ്റർ ഡോസെടുത്ത് തുടങ്ങിയ സാഹചര്യം പരിഗണിച്ചാണിത്. മൂക്കിലൂടെ നൽകുന്ന വാക്സീൻ കൊവിൻ ആപ്പിൽ ഉൾപ്പെടുത്തിയതും ബൂസ്റ്റർ വാക്സിനേഷനിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. 

ചൈന ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന കർശനമാക്കിയിട്ടുണ്ട്. സംശയമുള്ള കേസുകൾ നിരീക്ഷണത്തിലേക്ക് മാറ്റുന്നുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യം കൂട്ടാനും നിർദ്ദേശം നൽകി. അതേ സമയം ചൊവ്വാഴ്ച മോക് ഡ്രിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആശുപത്രികളിൽ പുരോഗമിക്കുകയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ആരോഗ്യമേഖല സജ്ജമാണോയെന്ന് വിലയിരുത്താനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മോക് ഡ്രില്ലിനുള്ള നിർദ്ദേശം നൽകിയത്. 
 

tags
click me!