അന്വേഷണം 10 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ, കേരളത്തിലും നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ കണ്ണി, 2 ജില്ലകളിൽ നിന്നുള്ളവരുണ്ടെന്ന് വിവരം

Published : May 13, 2026, 10:16 AM IST
CBI

Synopsis

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. നാസിക്കിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്ന് തുടങ്ങിയ തട്ടിപ്പിന്റെ കണ്ണികൾ കേരളത്തിലെ രണ്ട് ജില്ലകളിലുമെത്തിയതായാണ് കണ്ടെത്തൽ. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സിബിഐ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സി ബി ഐ. ചോദ്യപേപ്പർ ചോർത്തിയ ശേഷം തയ്യാറാക്കിയ മാത്യക ചോദ്യപേപ്പർ കേരളത്തിലേക്കും എത്തിയെന്നാണ് കണ്ടെത്തൽ. ചോദ്യപേപ്പർ ലഭിച്ചെന്ന് രാജസ്ഥാൻ പൊലീസ് കണ്ടെത്തിയ 200 ഓളം വിദ്യാർത്ഥികളുടെ വിവരങ്ങൾ സി ബി ഐക്ക് കൈമാറിയിരുന്നു. ഇതിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരുണ്ടെന്നാണ് വിവരം. ചില വിദ്യാർത്ഥികൾക്ക് മുൻകൂട്ടി ലഭിച്ചെന്നടക്കം സി ബി ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുടെ തുടക്കം നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. നാസിക്കിൽ പിടിയിലായ ശുഭത്തിന്‍റെ കൂട്ടാളി ധനഞ്ജയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് അന്വേഷണസംഘം. കേസിൽ സി ബി ഐ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ സി ബി ഐ നിയോഗിച്ചിരിക്കുന്നത് നാല് സംഘങ്ങളെയാണ്.

ചോർച്ചയുടെ പുതിയ വഴി

ചോദ്യപേപ്പർ പരീക്ഷകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനിടെ ചോർത്തുക എന്നതായിരുന്നു ഇതുവരെയുള്ള പരീക്ഷ തട്ടിപ്പ് സംഘത്തിന്റെ പതിവ്. എന്നാൽ നീറ്റിൽ ഈക്കുറി അതും കടന്ന് ചോദ്യപേപ്പർ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് നിന്ന് ചോർത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഇത്തവണത്തെ നീറ്റ് പരീക്ഷ ചോദ്യപേപ്പർ നാസിക്കിലെ ഒരു പ്രസ്സിലാണ് അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥിയായ ശുഭം കർനിയാർ എന്ന വ്യക്തിക്കാണ് ചോദ്യപേപ്പർ പൂർണ്ണരൂപത്തിൽ കിട്ടിയത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൊറിയർ വഴി കൈമാറി. ഇയാൾ വഴി സിക്കറിൽ ഈ നീക്കത്തന്‍റെ സൂത്രധാരൻ മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുന്നു. പിന്നീട് ജയ്പൂർ, ദില്ലി, ഡെറാഡൂൺ, ജമ്മുകശ്മീർ, ബീഹാർ, കേരളം, തെലങ്കാന, ആന്ധ്ര അടക്കം സ്ഥലങ്ങളിലെ സംഘാങ്ങൾക്ക് കിട്ടി. ആദ്യം കിട്ടിയ യഥാർത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃക ചോദ്യ പേപ്പർ എന്ന നിലയിലേക്ക് മാറ്റിയത് പിടിക്കപ്പെടാതിരിക്കാനാണ്. പിന്നീട് ഇത് പണം നൽകിയ ആവശ്യക്കാരിലേക്ക് എത്തിച്ചു. 25000 മുതൽ രണ്ട് ലക്ഷം വരെ വില ഈടാക്കിയാണ് ടെലഗ്രാം, വാട്സ്ആപ്പ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ വിറ്റത്. ഒരോ വിൽപനയിലും പല കണ്ണികളെ ചേർത്ത് വെച്ച് വിദ്ഗധമായി നടത്തിയ തട്ടിപ്പായിരുന്നു ഇത്. കേരളത്തിൽ പഠിക്കുന്ന ചുരു സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയും ഈ സംഘത്തിലെ കണ്ണിയാണെന്നാണ് സംശയം. ഇയാൾ വഴി കേരളത്തിലെ ചില വിദ്യാർത്ഥികൾക്കും ഈ മാതൃക പേപ്പർ എത്തിയെന്നാണ് റിപ്പോർട്ട്. 10 സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്ന അന്വേഷണമെന്നാണ് സി ബി ഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല മാതൃക ചോദ്യപേപ്പറിലെ ബയോളജി ചോദ്യങ്ങളിൽ 90 എണ്ണവും കെമസ്ട്രിയിലെ 45 ചോദ്യങ്ങളിൽ 35 എണ്ണം യഥാർത്ഥ ചോദ്യപേപ്പറിലും ഒന്നായിരുന്നു എന്നാണ് കണ്ടത്തെൽ. 'പ്രൈവറ്റ് മാഫിയ' എന്ന ടെലഗ്രാം ചാനലിലൂടെയും ചോദ്യപേപ്പർ പ്രചരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരക്കം പാഞ്ഞ് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ; പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ പഴയ ക്രിമിനൽ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കി
'സ്വർത്ഥയായ സ്ത്രീ, അവളെൻ്റെ കുടുംബം തകർത്തു'; ബിജെപി നേതാവായ ഭാര്യക്കെതിരെ പ്രതീകിൻ്റെ ഇൻസ്റ്റ പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു