
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പർ കിട്ടിയെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. ഇതിനിടെ കോടതി മേൽനോട്ടത്തിൽ പുനപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയെത്തി. ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘത്തിൽ നിന്ന് അന്വേഷണം ഇന്നലെ സിബിഐ ഏറ്റെടുത്തിരുന്നു. ജയ്പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകൾ ശേഖരിച്ചു.
മാതൃകാ ചോദ്യപേപ്പർ എന്ന നിലയിൽ പ്രചരിച്ച ചോർത്തിയ ചോദ്യങ്ങൾ ആർക്കൊക്കെ കിട്ടി എന്നതിൽ രാജസ്ഥാൻ പൊലീസ് വിവരം ശേഖരിച്ചിരുന്നു. 200 വിദ്യാർത്ഥികളുടെയും 75 മാതാപിതാക്കളുടെയും വിവരങ്ങളാണ് രാജസ്ഥാൻ പോലീസ് ശേഖരിച്ചത്. ഇതിൽ ചിലരെ പോലീസ് ചോദ്യം ചെയ്തു. ഈ രേഖകൾ അടക്കമാണ് സിബിഐക്ക് കൈമാറിയത്. കൈമാറിയ രേഖയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള ചില വിദ്യാർത്ഥികൾക്കും മാതൃക ചോദ്യപേപ്പർ കിട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇവരെ സിബിഐ ചോദ്യം ചെയ്തേക്കും. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി വഴിയാണ് സിക്കറിലേക്ക് ആദ്യഘട്ടത്തിൽ ചോർത്തിയ ചോദ്യപേപ്പർ എത്തിയത്.
ഇയാൾ വഴിയാണോ കേരളത്തിലും ഇത് പ്രചരിച്ചതെന്ന് സിബിഐ അന്വേഷിക്കും. നിലവിൽ നാല് സംഘങ്ങളെയാണ് സിബിഐ അന്വേഷണത്തിനായി നിയോഗിച്ചത്. ഇതിൽ ഒരു സംഘം നാസിക്കിലും ഒരു സംഘം രാജസ്ഥാനിലുമാണ്. പത്തു സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്ന കണ്ണികളുണ്ടെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഇതിനിടെ നാസിക്കിൽ പിടിയിലായ ശുഭത്തിൻ്റെ കൂട്ടാളി ധനഞ്ജയെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇവർക്കാണ് ചോർത്തിയ ചോദ്യപ്പേപർ ആദ്യം കിട്ടിയത്. നാസിക്കിലെ പ്രസ്സിൽ നിന്ന് ചോദ്യപേപ്പർ ചോർന്നത് എങ്ങനെ എന്നതിലും ഊർജ്ജിത അന്വേഷണം തുടരുകയാണ്, പത്തു മുതൽ പതിനഞ്ചു ലക്ഷം വരെ ചോദ്യപേപ്പറിന് ഈടാക്കിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഇതിനിടെ ക്രമക്കേടിൽ സുപ്രീംകോടതി ഇടപെടൽ തേടി ഹർജി എത്തി. മെഡിക്കൽ സംഘടനയായ FAIMA ആണ് ഹർജി നൽകിയത്. എൻടിഎയ്ക്ക് പകരം സംവിധാനം വേണമെന്നും കോടതി മേൽനോട്ടത്തിൽ ആകണം വീണ്ടും പരീക്ഷ നടത്തേണ്ടതെന്നാണ് ആവശ്യം. ചോർച്ചയിൽ പ്രതിഷേധം ഇന്നും തുടരുകയാണ് എൻടിഎ ആസ്ഥാനത്തേക്ക് എബിവിപി. എൻഎസ് യു അടക്കം സംഘടനകൾ ഇന്നും പ്രകടനം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam