'കാക്കി യൂണിഫോമിനോടുള്ള ആദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുത്'; ഐപിഎസ് ഉദ്യോ​ഗസ്ഥരോട് മോദി

By Web TeamFirst Published Sep 4, 2020, 3:00 PM IST
Highlights

ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ പൊലീസ് അക്കാദമിയിലെ പ്രൊബേഷനറി ഐപിഎസ് ഉദ്യോ​ഗസ്ഥരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. 
 

ദില്ലി: ജോലിയോടും യൂണിഫോമിനോടുമുള്ള ആ​ദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരോട് പ്രധാനമന്ത്രി മോദി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് നടത്തിയ പ്രവർത്തനങ്ങൾ പൊലീസിന്റെ മനുഷ്യത്വം വെളിപ്പെടുത്തുന്നതായിരുന്നു എന്നും മോദി പറഞ്ഞു. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ പൊലീസ് അക്കാദമിയിലെ പ്രൊബേഷനറി ഐപിഎസ് ഉദ്യോ​ഗസ്ഥരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. 

'അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്ന തൊഴിലാണ് നിങ്ങളുടേത്. അതിനാൽ എല്ലായ്പ്പോഴും തയ്യാറെടുപ്പോടെ സജ്ജരായിരിക്കുക. വളറെ സമ്മർദ്ദമുള്ളത് കൊണ്ട് സമീപസ്ഥരോടും പ്രിയപ്പെട്ടവരോടും സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. സമയം ലഭിക്കുമ്പോൾ, അല്ലെങ്കിൽ അവധി ദിവസങ്ങളിൽ അധ്യാപകരുമായോ അല്ലെങ്കിൽ നിങ്ങൾക്ക് അമൂല്യമായ ഉപദേശങ്ങൾ നൽകുന്ന ആരെങ്കിലുമായോ കൂടിക്കാഴ്ച നടത്തുക.' ഐപിഎസ് ഉദ്യോ​ഗസ്ഥരോട് മോദി പറഞ്ഞു. 

രാജ്യത്തെ യുവജനങ്ങൾ‌ തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്നത് തുടക്കം മുതൽ തടയേണ്ടതാവശ്യമാണെന്ന് തീവ്രവാദത്തെക്കുറിച്ച് പരാമർശിക്കവേ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരുമായി നേരിട്ട് സംവദിക്കാൻ സാധിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. തന്റെ ഭരണകാലത്ത് ഒരിക്കലെങ്കിലും ഇവരെ കണ്ടുമുട്ടാൻ സാധിക്കുമെന്ന പ്രത്യാശയും മോദി പ്രകടിപ്പിച്ചു. 28 വനിതാ ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ 131 ഐപിഎസ് ഉദ്യോ​ഗസ്ഥരാണ് 42 ആഴ്ചത്തെ അടിസ്ഥാന കോഴ്സ് അക്കാദമിയിൽ നിന്ന് പൂർത്തിയാക്കിയത്. 

click me!