മോദി സർക്കാരിനെ നയിക്കാൻ പുതിയ ബി​ഗ് 4 സംഘം

By Asianet MalayalamFirst Published May 31, 2019, 6:56 PM IST
Highlights

എസ്.ജയശങ്കറിനും പ്രഹ്ളാദ് ജോഷിക്കും കീഴിലാവും വി.മുരളീധരന്‍റെ ഇനിയുള്ള പ്രവര്‍ത്തനം. ഈ വകുപ്പുകളില്‍ എന്തൊക്കെ ചുമതലകളാണ് അദ്ദേഹത്തിന് ലഭിക്കുക എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. 

ദില്ലി: അനാരോഗ്യം മൂലം അരുണ്‍ ജെയ്റ്റലിയും സുഷമാ സ്വരാജും കളമൊഴിഞ്ഞതോടെ  കേന്ദ്രസര്‍ക്കാരിലെ സുപ്രധാന ശക്തിയായ ബിഗ് ഫോര്‍ മന്ത്രിമാരിലും മാറ്റം വരികയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ട സുരക്ഷാകാര്യ സമിതിയിലും മറ്റു പ്രധാന സമിതികളിലും പ്രധാനമന്ത്രിയെ കൂടാതെ അഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനകാര്യമന്ത്രിമാര്‍ ആണ് ഉണ്ടാവുക. 

ഒന്നാം മോദി സര്‍ക്കാരില്‍ നിന്നും രണ്ടാം മോദി സര്‍ക്കാരിലെത്തുമ്പോള്‍ നരേന്ദ്രമോദിക്കു കീഴിൽ ആദ്യ നാലു സുപ്രധാന മന്ത്രാലയങ്ങളിലെ ചുമതലക്കാർ മാറുകയാണ്. മൂന്നാമനായാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് മന്ത്രസഭയിലെ രണ്ടാമനായി അമിത് ഷാ മാറുന്നു. രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രാലയത്തിലേക്ക് മാറുമ്പോൾ ഇന്ദിരാഗാന്ധി ശേഷം ധനമന്ത്രാലയത്തിൽ എത്തുന്ന ആദ്യ വനിത ആവുകയാണ് നിർമ്മലാ സീതാരാമൻ. 

വിദേശകാര്യ സെക്രട്ടറിയായ ശേഷം വിദേശകാര്യമന്ത്രായാകുന്ന ആദ്യ വ്യക്തി എന്ന നിലയില്‍ എസ് ജയശങ്കറും ചരിത്രത്തിന്‍റെ ഭാഗമാകുന്നു. ഏറെ പ്രധാനപ്പെട്ട സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ പ്രധാനമന്ത്രിക്കു പുറമെ ഈ നാലുപേരാകും ഇനി ഉണ്ടാവുക. കേരളത്തില്‍ നിന്നും സഹമന്ത്രിയായി മന്ത്രിസഭയില്‍എത്തിയ വി.മുരളീധരനെ വിദേശകാര്യവകുപ്പിലും പാര്‍ലമെന്‍ററി കാര്യവകുപ്പിലുമാണ് സഹമന്ത്രിയായി നിയമിച്ചിട്ടുള്ളത്. എസ്.ജയശങ്കറിനും പ്രഹ്ളാദ് ജോഷിക്കും കീഴിലാവും വി.മുരളീധരന്‍റെ ഇനിയുള്ള പ്രവര്‍ത്തനം. ഈ വകുപ്പുകളില്‍ എന്തൊക്കെ ചുമതലകളാണ് അദ്ദേഹത്തിന് ലഭിക്കുക എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. 

രണ്ടാം മോദി സര്‍ക്കാരില്‍ നിതിൻ ഗഡ്കരിക്ക് ഉപരിതല ഗതാഗതത്തിനു പുറമെ ചെറുകിട വ്യവസായ വകുപ്പിൻറെ ചുമതല കൂടി നല്കിയിട്ടുണ്ട്. രവിശങ്കർ പ്രസാദ് നിയമം, ഐടി വകുപ്പുകളിൽ തുടരും സ്മൃതി ഇറാനിക്ക് ടെക്സറ്റൈൽസും വനിതാ ശിശുക്ഷേമവും. ടെലികോം മന്ത്രാലയം കൂടി രവിശങ്കർ പ്രസാദിന് നല്കി. 

പിയൂഷ് ഗോയലിന് റെയിൽവേയ്ക്കു പുറമെ വാണിജ്യ മന്ത്രാലയത്തിൻറെ ചുമതലയും കിട്ടി. നരേന്ദ്ര സിംഗ് തോമറാണ് പുതിയ കൃഷി മന്ത്രി. രമേശ് പൊഖ്റിയാൽ നിഷാങ്കിന് മാനവശേഷി വികസന മന്ത്രാലയം നല്കിയപ്പോൾ പ്രകാശ് ജാവദേക്കറിന് പരിസ്ഥിതി, വാർത്താവിതരണ മന്ത്രാലയങ്ങളുടെ ചുമതലയാണ് കിട്ടിയത്. ധർമ്മേന്ദ്ര പ്രധാൻ പെട്രോളിയത്തിലും മുക്താർ അബ്ബാസ് നഖ്വി ന്യൂനപക്ഷ ക്ഷേമത്തിലും തുടരും. 

പ്രഹ്ളാദ് ജോഷിയാണ് പുതിയ പാർലമെൻററി കാര്യ മന്ത്രി. സദാനന്ദ ഗൗഡയ്ക്ക് രാസവള മന്ത്രാലയം നല്കി. സഖ്യകക്ഷി നേതാക്കളായ രാംവിലാസ് പസ്വാൻ, ഹർസിമ്രത് കൗർ ബാദൽ എന്നിവരുടെ വകുപ്പുകളിൽ മാറ്റമില്ല. ശിവസേന നേതാവ് അരവിന്ദ് സാവന്തിന് ഘനവ്യവസായ വകുപ്പ് നല്കി. മൃഗസംരക്ഷണ, മത്സ്യബന്ധന മന്ത്രാലയം രൂപീകരിച്ച് ഗിരിരാജ് സിംഗിന് നല്കി. ജലശക്തി എന്ന പേരിൽ പുതിയ മന്ത്രാലയത്തിൻറെ ചുമതല ഗജേന്ദ്ര സിംഗ് ഷെഖാവത്തിനാണ്. 

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരിൽ ഹർദീപ് പുരിക്ക് നഗരവികസനവും വ്യോമയാനവും കിട്ടി. കിരൺ റിജിജു ആണ് കായിക മന്ത്രി. സാംസ്കാരികവും ടൂറിസവും പ്രഹ്ളാദ് സിംഗ് പട്ടേലിനാണ്. മൻസൂക് മാണ്ഡ്യയ്ക്ക് ഷിപ്പിംഗ് നല്കിയപ്പോൾ ആർ കെ സിംഗ് ഊർജ്ജ വകുപ്പിൽ തുടരും. സന്തോഷ് ഗാംഗ്വറാണ് തൊഴിൽ മന്ത്രി. പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ചുമതല വീണ്ടും ജിതേന്ദ്ര സിംഗിന് കിട്ടി. സഹമന്ത്രിമാരിൽ വികെ സിംഗിനെ ഉപരിതല ഗതാഗതത്തിലേക്ക് മാറ്റി. ബാബുൽ സുപ്രിയോ പരിസ്ഥിതി സഹമന്ത്രിയായി. അനുരാഗ് താക്കൂർ ധനകാര്യസഹമന്ത്രിയാണ്.

click me!