പ്രളയ അവശിഷ്ടം അടിഞ്ഞ് തടാകം, ജലനിരപ്പ് ഉയരുന്നു; ആശങ്കയൊഴിയാതെ ഉത്തരാഖണ്ഡ്

By Web TeamFirst Published Feb 12, 2021, 5:22 PM IST
Highlights

പ്രളയ അവശിഷ്ട്ം അടിഞ്ഞ് കൂടി ഋഷിഗംഗ നദിയിലെ വെള്ളമാണ് തടാക രൂപത്തിലായത്. റെയിനി ഗ്രാമത്തിന് മുകളില്‍ രൂപം കൊണ്ടിരിക്കുന്ന തടാകത്തില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 

ദില്ലി: മിന്നല്‍ പ്രളയുമുണ്ടായ ഉത്തരാഖണ്ഡില്‍ വീണ്ടും ആശങ്കയേറ്റി പുതിയ തടാകം കണ്ടെത്തി. റെയിനി ഗ്രാമത്തിന് മുകളില്‍ പ്രളയ അവശിഷ്ടം അടിഞ്ഞ് കൂടി  ഋഷിഗംഗ നദിയിലെ വെള്ളമാണ് തടാക രൂപത്തിലായത്. പ്രളയസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴാണ് തടാക രൂപത്തില്‍ വീണ്ടും ആശങ്കയെത്തുന്നത്. റെയിനി ഗ്രാമത്തിന് മുകളില്‍ രൂപം കൊണ്ടിരിക്കുന്ന തടാകത്തില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

 സ്ഥലത്തേക്ക് പരിശോധനയ്ക്കായി ദേശീയ, സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ അയച്ചിട്ടുണ്ട്. ജലനിരപ്പ് കൂടിയാല്‍ വെള്ളം കുത്തിയൊലിച്ച് താഴ്വാരത്തേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നാണ് വിദ്ഗധർ വ്യക്തമാക്കുന്ന്. എത്രത്തോളം വെള്ളം കെട്ടിനില്‍പ്പുണ്ടെന്ന് അറിയില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. 12 മീറ്റർ ഉയരത്തിലാണ് പ്രളയമാലിന്യം അടിഞ്ഞത്. എത്രത്തോളം വെള്ളം ഉണ്ടെന്ന് അറിയില്ല. പരിശോധന നടത്തിയശേഷം സംഘം റിപ്പോര്‍ട്ട് നല്‍കും. 

അണക്കെട്ടിന്‍റെ ഭാഗത്തേക്കുള്ള ജല പ്രവാഹം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്താൻ കൂടുതല്‍ വിദഗ്ധരെ അയക്കണമെന്ന് ഡിആര്‍ഡിഒ സെക്രട്ടറി ആവശ്യപ്പെട്ടു. മിന്നല്‍ പ്രളയം നടന്ന് ആറാം ദിവസവും പക്ഷെ രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ല. തുരങ്കത്തിലേക്ക് എത്താനായി ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് തുരക്കുന്നത് ആദ്യ ശ്രമം പരാജയപ്പെട്ടതും തിരിച്ചടിയായി. ഇന്നും  തുരങ്കത്തിലേക്ക് പ്രവേശിക്കാനായി തുരക്കാനായി ശ്രമിക്കുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി പറഞ്ഞു.

click me!