രാഹുല്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തി; കോണ്‍ഗ്രസിന്‍റെ പുതിയ പ്രസിഡന്‍റ് അടുത്തയാഴ്ചയെന്ന് സൂചന

By Web TeamFirst Published Jul 28, 2019, 10:32 AM IST
Highlights

രണ്ട് ദിവസത്തിനുള്ളില്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന്‍റെ തീയതി തീരുമാനിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പേരുകള്‍ ചുരുക്കപ്പട്ടികയാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ അടുത്തയാഴ്ച തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. അടുത്ത ആഴ്ച ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അധ്യക്ഷന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് എത്രയും വേഗത്തില്‍ വര്‍ക്കിംഗ് കമ്മിറ്റി ചേരാനും പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനും തീരുമാനമായത്. രണ്ട് ദിവസത്തിനുള്ളില്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന്‍റെ തീയതി തീരുമാനിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പേരുകള്‍ ചുരുക്കപ്പട്ടികയാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം പ്രസിഡന്‍റായിരുന്ന രാഹുല്‍ ഗാന്ധി രാജിവച്ചതിന് ശേഷമാണ് കോണ്‍ഗ്രസില്‍ നേതൃപ്രതിസന്ധി ഉടലെടുത്തത്. രാജി തീരുമാനം പിന്‍വലിക്കാന്‍ നേതൃതലത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും സമ്മര്‍ദം ചെലുത്തിയെങ്കിലും രാഹുല്‍ ഗാന്ധി തയ്യാറായില്ല. നെഹ്റു കുടുംബത്തില്‍നിന്ന് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ആരും വരേണ്ടെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

തുടര്‍ന്ന് ഇടക്കാല പ്രസിഡന്‍റായി മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോഹ്റയെ തെരഞ്ഞെടുത്തിരുന്നു. സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെഹ്ലോട്ട് തുടങ്ങിയ നിരവധി പേരുകളാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. 

click me!