Pegasus : 'ഇന്ത്യ ഇസ്രയേലില്‍ നിന്ന് പെഗാസസ് വാങ്ങിയിരുന്നു'; ന്യൂയോര്‍ക്ക് ടൈംസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്

By Web TeamFirst Published Jan 29, 2022, 9:07 AM IST
Highlights

 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‍വെയര്‍ വാങ്ങിയതെന്ന് ടൈംസ് വെളിപ്പെടുത്തി. 

ദില്ലി: ഇസ്രയേലി (Israel)  ചാരസോഫ്റ്റ്‍വെയറായ പെഗാസസ് (Pegasus)  ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തല്‍. 2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തിയാണ് പെഗാസസ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാന്‍ ധാരണയായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.  

മിസൈല്‍ ഉള്‍പ്പെടെയുള്ള 200 കോടിയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തിയായിരുന്നു ചാരസോഫ്റ്റ്‍‍വെയറായ 
പെഗാസസ് വാങ്ങിയത്. പോളണ്ട്, ഹംഗറി, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കരാർ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‍വെയര്‍ കൈമാറിയതായും പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അടക്കം നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലില്‍ പാർലമെന്‍റില്‍ അടക്കം പ്രതിഷേധം നടന്നിരുന്നു. അടുത്തയാഴ്ച പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചേരാനിരിക്കെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.

അതേസമയം പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങൾ തേടി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി. inqiry@pegasus-india-investigation.in എന്ന ഈ മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങൾ കൈമാറണം. വിവരങ്ങൾ പരിശോധിച്ച ശേഷം ചോര്‍ത്തലിന് വിധേമായ ഫോണുകളും ആവശ്യമെങ്കിൽ സമിതി ആവശ്യപ്പെട്ടേക്കും. സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയവരോട് ഫോണ്‍ ചോര്‍ത്തൽ വിവരങ്ങൾ നേരത്തെ സമിതി തേടിയിരുന്നു. ചോര്‍ത്തലിന് വിധേയനായ ഫോണുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. 

click me!