
ദില്ലി: ഹണിമൂൺ ആഘോഷിക്കാൻ ഗോവയിൽ പോകാമെന്ന് വാഗ്ദാനം നൽകിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതിൽ പ്രതിഷേധിച്ച് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴാണ് യുവതി ഭർത്താവിനെതിരെ രംഗത്തെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഫ്രീ പ്രസ് ജേർണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷം ജനുവരി 19നാണ് യുവതി ഭോപ്പാൽ കുടുംബ കോടതിയിൽ വിവാഹ മോചനം തേടി കേസ് ഫയൽ ചെയ്തത്. ഭർത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും വിവാഹമോചന ഹർജിയിൽ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥാണ്. ഹണിമൂൺ ആഘോഷത്തിനായി വിദേശത്ത് പോകാൻ വരെ സാമ്പത്തിക സ്ഥിതിയുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞു.
മാതാപിതാക്കളെ പരിചരിക്കാൻ ആളില്ലാത്തതിനാൽ ഹണിമൂണിന് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും പകരം ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്കിലുമോ സന്ദർശിക്കാമെന്ന് ഭർത്താവ് വാഗ്ദാനം നൽകി. എന്നാൽ, ഭാര്യയോട് പറയാതെ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് തന്റെ അമ്മ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിച്ചതിനാലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യാത്രയുടെ തലേദിവസം ഇയാൾ ഭാര്യയെ അറിയിച്ചു.
അന്നൊന്നും യുവതി യാത്രയോട് എതിർപ്പുയർത്തിയില്ല. എന്നാൽ, തീർഥാടന സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചു. ഭർത്താവ് തനിക്ക് നൽകുന്ന പരിഗണനയേക്കാൾ കൂടുതൽ കുടുംബാംഗങ്ങൾക്ക് നൽകുന്നുവെന്നും ഭാര്യ ആരോപിച്ചു. ഭാര്യ അനാവശ്യമായ കാര്യങ്ങൾക്ക് വഴക്കുണ്ടാക്കുകയാണെന്നാണ് ഭർത്താവിന്റെ പരാതി. ദമ്പതികൾ ഭോപ്പാൽ കുടുംബ കോടതിയിൽ കൗൺസിലിംഗിലാണ്.
Read More : ട്യൂഷൻ ക്ലാസിന് വീട്ടിലെത്തിയ രണ്ടാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി, ടീച്ചർ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam