
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ അനുയായികളുടെ വസതികളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് നടത്തി എൻഐഎ. ഡി കമ്പനിയിൽ ശക്തനായ ഛോട്ടാ ഷക്കീലിന്‍റെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. മുംബൈയിലെ വിവിധ ഇടങ്ങളിൽ അതിരാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കും എതിരെ എൻഐഎ സമീപകാലത്ത് നടത്തുന്ന വലിയ നീക്കമാണ് ഇന്നത്തേത്. ബാന്ദ്രാ, ഗൊരേഗാവ്, നാഗ്‍പാട, ബോറിവലി അങ്ങനെ മുംബൈയിലെ 20 ഇടങ്ങളിലാണ് എൻഐഎ ഒരേസമയം റെയ്ഡ് നടത്തിയത്. ഷാർപ്പ് ഷൂട്ടർമാർ, ഹവാല ഇടപാടുകാർ, റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ ഏങ്ങനെ ദാവൂദുമായി ബന്ധമുണ്ടായിരുന്ന പലരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. ഛോട്ടാഷക്കീലിന്‍റെ ഭാര്യാ സഹോദരിയുടെ ഭർത്താവായ സലീം ഖുറേഷിയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
നേരത്തെ ദാവൂദുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്ര ഏജൻസികൾ ഇയാളെ പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് ചില രേഖകളും പിടിച്ചെടുത്തു. ദാവൂദിനെതിരെ ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത പുതിയ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ എൻഐഎ നീക്കങ്ങൾ. വിദേശത്ത് ഒളിവിലാണെങ്കിലും ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളിലടക്കം ദാവൂദിനും ഛോട്ടാഷക്കീലിനും ബന്ധമുണ്ടെന്നതിന് തെളിവുകൾ അന്വേഷണ ഏജൻസിയുടെ പക്കലുണ്ട്. ദാവൂദുമായി ബന്ധപ്പെട്ട ഒരു ഭൂമി ഇടപാട് നടത്തിയെന്ന ആരോപണത്തിലാണ് മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23 ന് ഇഡി അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam