വെടിവെച്ചത് 3 ഭീകരർ, ഭീകരാക്രമണത്തിന് പഹൽഗാം തെരഞ്ഞെടുക്കാനുള്ള കാരണമടക്കം വിവരിച്ച് എൻഐഎ; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു

Published : Aug 29, 2025, 12:57 AM IST
Pahalgam

Synopsis

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നിലെ കാരണങ്ങൾ എൻഐഎ വെളിപ്പെടുത്തി. വിനോദസഞ്ചാരികളുടെ തിരക്കും സുരക്ഷാ വിന്യാസത്തിലെ കുറവുമാണ് ഭീകരർ പഹൽഗാം തെരഞ്ഞെടുക്കാൻ കാരണമെന്ന് എൻഐഎ കണ്ടെത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഭീകരാക്രമണത്തിന് പഹൽഗാം മേഖല ഭീകരർ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എൻ ഐ എ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിനോദസഞ്ചാരികളുടെ വൻ തിരക്കുള്ളതും എന്നാൽ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖലയായതിനാലാണ് പഹൽഗാമിനെ ആക്രമണത്തിനായി ഭീകരർ തിരഞ്ഞെടുത്തതെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. പ്രധാന ടൗണിൽ നിന്ന് ദൂരെയുള്ള ഈ പ്രദേശം ആക്രമണത്തിന് അനുകൂലമാണെന്ന് ഭീകരർ വിലയിരുത്തിയിരുന്നു. മൂന്ന് ഭീകരരാണ് പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ വെടിവെച്ചതെന്നും എൻ ഐ എ വിവരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്ത ഈ ആക്രമണം, ഈ മേഖലയിലെ സുരക്ഷാ വീഴ്ചകൾ വെളിവാക്കുന്നതായും എൻ ഐ എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2025 ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന പഹൽഗാം ഭീകരാക്രമണം രാജ്യത്തെ നടുക്കുന്നതായിരുന്നു. ഈ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ ഇ തയിബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പഹൽഗാമിലെ ബൈസാരൻ പുൽമേടുകളിൽ നിന്ന് പാഞ്ഞെത്തി ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മതം ചോദിച്ചുള്ള ആക്രമണമായിരുന്നു നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വ്യക്തമാക്കി. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതോടെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട തിരിച്ചടി, പാകിസ്ഥാനിൽ കടന്ന് ഭീകരകേന്ദ്രങ്ങളടക്കം തകർത്താണ് ഇന്ത്യ അവസാനിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിലടക്കം ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. ആണവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് എന്നാണ് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി എന്നും നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാർച്ചിൽ തന്നെ പ്രഖ്യാപനം വന്നേക്കും, ശമ്പള വർധനവിന് മുന്നേ ജീവനക്കാർക്ക് ആശ്വാസം; ഡിഎയും ഡിആറും കേന്ദ്രം വർധിപ്പിച്ചേക്കും
തമിഴ്‌നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് സർവേ ഫലം; ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും